ഹൈദരാബാദ്· മണൽ ഖനനത്തിനെതിരെ പ്രതികരിച്ചതിനു ബിജെപി നേതാവ് ശിക്ഷിച്ച ദളിത് യുവാക്കളെ കാണാനില്ല. തെലങ്കാനയിലെ ബിജെപി പ്രാദേശിക നേതാവ് ഭരത് റെഡ്ഡി രണ്ടു ദളിത് യുവാക്കളെ ചെളിക്കുളത്തിൽ മുങ്ങുവാൻ നിർബന്ധിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.
തെലങ്കാനയിലെ അവന്തിപട്ടണം ഗ്രാമത്തിലെ ലക്ഷ്മണ്, ഹഗ്ഗദാഹ് എന്നീ യുവാക്കൾക്കു നേരെ വടിയോങ്ങി ചെളിക്കുളത്തിൽ മുങ്ങുവാൻ റെഡ്ഡി ആജ്ഞാപിക്കുന്ന ദൃശ്യമാണു വീഡിയോയിലുള്ളത്.യുവാക്കൾ ഇയാളുടെ കാലിൽ വീണു മാപ്പിരക്കുന്നതും കാണാം. എന്നാൽ നിവൃത്തിയില്ലാതെ അവർ കൂപ്പുകൈകളോടെ ചെളിക്കുളത്തിൽ മുങ്ങുന്നതായാണ് വീഡിയോയിലുള്ളത്.
ഇതിനെത്തുടർന്ന് റെഡ്ഡിക്കെതിരെ ദളിത് പീഡനത്തിനു കേസെടുക്കണമെന്നു വിവിധ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മിസ്ഡ് കോളിലൂടെ ബിജെപി അംഗത്വം സ്വീകരിച്ച ഭരത് റെഡ്ഡി, പാർട്ടിയുടെ നേതാവല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.നേരത്തേ പ്രാദേശിക കോണ്‍ഗ്രസ് നേതാവു കൊലചെയ്യപ്പെട്ട കേസിൽ ഭരത് റെഡ്ഡി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.