കൊച്ചി: കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍നിന്നും നേതാക്കളെ പുറത്താക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം.
യുവമോര്‍ച്ച സംസ്ഥാന കൗണ്‍സിലംഗം ആര്. അരവിന്ദനെയും ആറ് മണ്ഡലം നേതാക്കളെയുമാണ് ബിജെപിയില്‍നിന്നും പുറത്താക്കിയത്.
ഇതിനെതിരേയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കള്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോലം കത്തിക്കലുള്പ്പെടെയുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
എറണാകുളം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എം.എന്‍. ഗംഗാധരന്, കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പി.കെ. ബാബു, മുന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, മണ്ഡലം ഭാരവാഹികളായ മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പിള്ളി എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍.
കെ.സുരേന്ദ്രന് ചാക്കുമായി പോകുന്ന ചിത്രമടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിനാണ് അരവിന്ദനെ പുറത്താക്കാന്‍ കാരണം.
തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമായി കൈമാറണമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ അരവിന്ദന് അഭിപ്രായപ്പെട്ടിരുന്നു.
ഗംഗാധരനും ബാബുവും കോതമംഗലം മണ്ഡലത്തിലെ വോട്ടുകച്ചവടത്തില്‍ പ്രതിഷേധിച്ച് വികസന സമിതി എന്നപേരില്‍ സംഘടന രൂപീകരിച്ചിരുന്നു.
ഇതിനിടെ വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിള്ളി സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലും ബിജെപി പേയ്മെന്റ് സീറ്റ് നടപ്പാക്കി എന്നാരോപിച്ച് പോസ്റ്ററുകള്‍ വന്നു. ഇതുന്നയിച്ചാണ് ഇവരെ പുറത്താക്കിയത്.
സംസ്ഥാന അധ്യക്ഷനെതിരേ സംസ്ഥാനനേതാക്കളുടെ പിന്തുണയോടെയാണ് ജില്ലയില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തു വന്നത്. പാര്‍ട്ടിയിലെ പടലപിണക്കവും വിഭാഗീയതയും വിവാദത്തിനു പിന്നിലുണ്ട്.
പുറത്താക്കിയവര്‍ക്കു പാര്‍ട്ടിക്കുള്ളില്‍നിന്നും നേതാക്കളുടെ പിന്തുണ ലഭിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കുഴല്‍പ്പണക്കേസിലും അതിനു മുമ്പു നിയമസഭ തെരഞ്ഞെടുപ്പിലും ഉയര്‍ന്ന വിവാദത്തിന്റെ തുടര്‍ച്ച മാത്രമാണ് എറണാകുളത്തും അരങ്ങേറുന്നത്.
ബിജെപിയില്‍ അഭിപ്രായസ്വതന്ത്ര്യമില്ലെന്ന അഭിപ്രായത്തിനു ശരിവയ്ക്കുന്ന രീതിയിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.