കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബൂത്തുകളില്‍ ശുദ്ധീകരണവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലുള്‍പ്പെടെ പുനഃസംഘടന നടത്തി പുതിയ നേതൃത്വത്തിന് ചുമതല നല്കി അടിത്തറ ശക്തമാക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
അഭ്യസ്ഥവിദ്യരായ യുവതി -യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് ബൂത്തുകള്‍ പുനഃസംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാഭ്യാസ യോഗ്യത മുന്‍നിര്‍ത്തി സംഘടനാ ഭാരവാഹികളെ നിയമിക്കാന്‍ ബിജെപി തീരുമാനിച്ചത്.
ഇതുവഴി കൂടുതല്‍ യുവജനവിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജില്ലാ പുനഃസംഘടന ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മണ്ഡലം പുനഃസംഘടനയാണിപ്പോള് നടക്കുന്നത്. അടുത്താഴ്ചയോടു കൂടി ബൂത്ത്തല പുനഃസംഘടന നടത്താനും ഡിസംബര്‍ 30 ഓടെ എല്ലാ ബൂത്തുകളിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്നുമാണ് സംസ്ഥാന കമ്മറ്റി തീരുമാനം.
ബൂത്തുകളിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് ആക്കംകൂട്ടിയതെന്നാണ് നേതൃത്വം കരുതുന്നത്. ഈ സാഹചര്യം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പാടില്ല.
അതിനാല്‍ പാര്‍ട്ടിയുടെ താഴെതട്ടു മുതല്‍ പ്രവര്‍ത്തന രീതിയും ശൈലിയും മാറ്റണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. ജനകീയ വിഷയങ്ങളില്‍ കൂടുതലായി ഇടപെട്ടുകൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കും വിധത്തില്‍ പ്രവര്‍ത്തിക്കണം.
വിവിധങ്ങളായ കേന്ദ്രപദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുകയും പദ്ധതിയുടെ ഗുണഭോക്താവാക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും നേതൃത്വം ബൂത്ത്തലങ്ങളില് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലാകാലങ്ങളായി ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും അവ വേണ്ട രീതിയില്‍ നടപ്പാക്കുന്നതില്‍ ബൂത്ത് കമ്മറ്റികള്‍ക്ക് കഴിയാറില്ല. പുനഃസംഘടനയിലൂടെ വിദ്യാസമ്പന്നരായ നേതൃത്വം മുന്‍നിരയിലേക്കെത്തുകയും അതുവഴി ഇത്തരം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സംപൂജ്യ മണ്ഡലങ്ങള്‍ റെഡ് ലിസ്റ്റില്‍
സംസ്ഥാനത്ത് ബിജെപിക്ക് ഒരു വോട്ടുപോലും ലഭിക്കാത്ത ബൂത്തുകളില്‍ പുന:സംഘടനയില്‍ സംസ്ഥാന-ജില്ലാ നേതൃത്വം കൂടുതല്‍ ജാഗ്രതപുലര്‍ത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്.
ഇത്തരത്തില്‍ സംസ്ഥാനത്ത് 318 ഓളം ബൂത്തുകളായിരുന്നുള്ളത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ബൂത്ത് കമ്മിറ്റി പുനഃസംഘടപ്പിക്കുന്നത്. ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കളെയെല്ലാം മാറ്റി പുതിയ ഭാരവഹികള്‍ക്ക് ചുമതല നല്‍കും.