നോട്ട് നിരോധിക്കാനുള്ള വിവരം ചോര്‍ന്നെന്ന ആരോപണത്തിന് ആക്കംകൂട്ടി മറ്റൊരു വെളിപ്പെടുത്തലുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. തീരുമാനം വരുന്നതിനു തൊട്ടുമുന്‍പ് അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കളുടെ പേരില്‍ ബിഹാറില്‍ ബിജെപി ഭൂമി വാങ്ങിയെന്ന എഎപി പറയുന്നത്. കാച്ച് ന്യൂസാണ് ബിജെപിയുടെ ഭൂമി ഇടപാടുകള്‍ പുറത്തുവിട്ടത്. ബിഹാറില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ബിജെപി ഭാരവാഹികള്‍ നടത്തിയ പത്തോളം ഭൂമിയിടപാടുകളുടെ രേഖകള്‍ ലഭിച്ചതായി കാച്ച്‌ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരില്‍ ഉള്‍പ്പെടെയാണ് ഭൂമിയിടപാടുകള്‍ നടത്തിയത്. പാര്‍ട്ടിക്കായി ഭൂമി വാങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ദിംഗയില്‍ നിന്നുമുള്ള നിയമസഭാ അംഗം സഞ്ചീവ് ചൗരസിയും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് മധുബാനി, കതിഹാര്‍, മാധേപുര, ലഘിസറായ്, കിഷന്‍ഗന്‍ജ്, അര്‍വാള്‍ എന്നിവടങ്ങളില്‍ നിന്നുമാണ് ബിജെപി ഭൂമി വാങ്ങിയിട്ടുള്ളത്. 250 സ്ക്വയര്‍ ഫീറ്റ് മുതല്‍ അര ഏക്കര്‍ വരെയുള്ള ഭൂമികളാണ് വാങ്ങിയിരിക്കുന്നത്. എട്ടു ലക്ഷം മുതല്‍ 1.16 കോടി രൂപ വരെ വിലമതിക്കുന്ന ഭൂമികളാണിവ. സ്ക്വയര്‍ ഫീറ്റിന് 1,100 രൂപ നല്‍കിയതാണ് ഇതില്‍ നടന്നിട്ടുള്ള ഏറ്റവും ചെലവ് ഏറിയ ഇടപാട്. നേരത്തെ നോട്ട് പിന്‍വലിക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം ബംഗാള്‍ ബിജെപി ഘടകം മൂന്നു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരുന്നു. അത് പോലെ നരേന്ദ്ര മോദി നോട്ട് അസാധുവാക്കാനുള്ള തീരുമാനം അടുപ്പക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായി മോദിയുടെ പഴയ വിശ്വസ്തനായ യതിന്‍ ഓജ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന കാര്യത്തില്‍ മറുപടിയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ പലയിടത്തും ബിജെപി ആസ്ഥാനമന്ദിരം പണിയാന്‍ സ്ഥലംവാങ്ങാറുണ്ടെന്നും അതിനെ നോട്ടുനിരോധനവുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കുന്നത് ബാലിശമാണെന്നുമാണ് പാര്‍ട്ടിനിലപാട്. ആരോപണങ്ങള്‍ തെളിയിക്കാനും പാര്‍ട്ടി വക്താവ് വെല്ലുവിളിച്ചു.