തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ പരസ്യപ്രതികരണങ്ങൾ തിരിച്ചടിയായോ എന്ന് പരിശോധിക്കാൻ ബിജെപി ദേശീയ നേതൃത്വം.
പരസ്യപ്രതികരണങ്ങൾ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ എല്ലാ പരസ്യപ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് തർജയ ചെയ്ത് അയച്ചുനൽകണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
നേതാക്കളുടെ പരസ്യപ്രസ്താവനകൾ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ ഇടയാക്കിയോ എന്നാണ് പരിശോധിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്.ദേശീയ നേതാവ് അപരാജിത സാരങ്കി വിവാദ വീഡിയോകളിൽ അന്വേഷണം നടത്തും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്നാണ് സൂചന.
പരസ്യപ്രസ്താവനകൾ ഉൾപ്പെടെ എല്ലാം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞിരുന്നു. പാർട്ടിക്കകത്ത് ഒരു സംവിധാനം ഉണ്ടെന്നും അതിനു മുകളിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും പരിശോധിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് നേരിട്ട തിരിച്ചടിയിൽ ഇപ്പോഴും അസ്വാരസ്യങ്ങൾ പുകയുകയാണ്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.