തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി. കേന്ദ്ര നേതൃത്വത്തിനു പട്ടിക സമർപ്പിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരുകള്‍ വീതം ഉള്‍പ്പെടുത്തിയ പട്ടികയാണ് സംസ്ഥാന നേതൃത്വം തയാറാക്കിയത്.
പി.എസ്. ശ്രീധരന് പിള്ള, മിസോറം ഗവര്‍ണർ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, രാജ്യസഭാംഗം സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി. രമേശ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
തന്ത്രി കുടുംബാംഗമായ മഹേഷ് മോഹനര്, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ എന്നിവരെ ഇറക്കി സുവർണാവസരം മുതലാക്കാനും ശ്രമമുണ്ട്. ഇരുവരേയും പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിൽ ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രന്, സുരേഷ് ഗോപി എന്നീ പ്രമുഖരുടെ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ശ്രീധരൻപിള്ള തന്നെയാകും തിരുവനന്തപുരത്തെ സ്ഥാനാർഥി എന്നാണ് സൂചന.
തിരുവനന്തപുരത്തിനു പുറമെ തൃശൂര്‍, കാസർഗോഡ് മണ്ഡലങ്ങളിലും കെ.സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സുരേന്ദ്രൻ കാസർഗോഡ് അങ്കത്തിനിറങ്ങിയേക്കും.
തിരുവനന്തപുരത്തിനു പുറമേ കൊല്ലം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട്ടും ആറ്റിങ്ങലിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ടയിൽ സുവർണാവസരം മുതലെടുക്കാൻ ഉറച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. തന്ത്രികുടുംബാംഗമായ മഹേഷ് മോഹനര്, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരുടെ പേരുകള്‍ പത്തനംതിട്ട മണ്ഡലത്തിലേക്കു നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരും പത്തനംതിട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെ പ്രാഥമിക പട്ടികയിൽപോലും പരിഗണിച്ചില്ലെന്നുള്ളതും ശ്രദ്ധേയമായി. നേരത്തെ ഇദ്ദേഹത്തിന്റെ പേര് ആറ്റിങ്ങലില്‍ സജീവമായി പരിഗണിച്ചിരുന്നു.