കോൽക്കത്ത: പീഡനക്കേസിൽ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്യാൻ നിർദേശം. ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിലഞ്ജൻ റോയിയെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാൾ ബാലാവകാശ സംരക്ഷണ കമ്മീഷൻ പോലീസിനു നിർദേശം നൽകി.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റിനുള്ള നിർദേശം. ഏപ്രിൽ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. റോയിയെ കാണാൻ പോയ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അറസ്റ്റിനു പോലീസ് തയാറായിരുന്നില്ല. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനർജിയോടാണ് റോയി മത്സരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക്. മേയ് 19-ന് അവസാന ഘട്ടത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്.