കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുന്നതുകൊണ്ടുമാത്രമല്ല കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ സ്ഥാനാര്‍ഥി ജയിലില്‍ കിടക്കുന്നതുകൊണ്ടുകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി ഉയര്‍ത്തുന്ന ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ കെ.പി.പ്രകാശ്ബാബു ജയിലില്‍ ആയിരിക്കുന്നത്.
ശബരിമല നടയില്‍വച്ച് പ്രായമായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. മറ്റൊരു സുരേന്ദ്രനായി കെ.പി.പ്രകാശ്ബാബു മാറിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എം.കെ.രാഘവനും എ. പ്രദീപ് കുമാറും ഇഞ്ചോടിഞ്ച് പോരടിക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ ഫലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. സ്വന്തമായി വാട്ട്സ് അപ്പ് ഗ്രൂപ്പ് തുടങ്ങി പ്രചാരണത്തില്‍ സജീവമാകവേയാണ് കീഴടങ്ങാനുള്ള നിര്‍േദശം പാര്‍ട്ടി പ്രകാശ്ബാബുവിന് നല്‍കിയത്.
നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് പ്രകാശ്ബാബുവുള്ളത്.ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിരുന്നാള് ദിവസമായിരുന്നു സംഭവം. കേസില്‍ 16-ാം പ്രതിയാണ് പ്രകാശ് ബാബു.വധ ശ്രമം, ഗൂഢാലോചന , അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28-ന് പമ്പ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
ഈ വിഷയം തെരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം. പത്തനം തിട്ട സ്ഥാനാര്‍ഥി കെ.സുരേന്ദ്രനടക്കം ശബരിമലവിഷയം ശക്തമായി ഉയര്‍ത്തണമെന്ന ചിന്താഗതിക്കാരാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്പിള്ളയാകട്ടെ ഇതിന് എതിരാണുതാനും. ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ലാതെ വോട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ പുതിയ ഒരു അധ്യായമാകും. ജാമ്യം കിട്ടുന്നതുവരെ കണ്‍വന്‍ഷനുകള്‍ മുറപോലെ നടത്താനാണ് തീരുമാനം.
പ്രകാശ് ബാബുവിനെ പുറത്തിറക്കാനായി നിയമനടപടികള്‍ തുടരും. ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണവും ഇതാണ് ബിജെപി ലൈന്‍. സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ പ്രചാരണപരിപാടികള്‍ക്കു കുറവു വരുത്തരുതെന്നാണു ജില്ലാനേതൃത്വത്തിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. മണ്ഡലത്തില്‍ ഉടനീളം പ്രകാശ് ബാബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥകള്‍ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രനാണു പ്രചാരണ പരിപാടികളുടെ ചുമതല.അതേസമയം, പ്രകാശ് ബാബു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. ജാമ്യം ലഭിച്ചില്ലെങ്കില്‍ ജയിലില്‍ കിടന്നുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണു തീരുമാനം.പ്രകാശ് ബാബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശബരിമലകര്‍മസമിതിയുടെ നേതൃത്വത്തില്‍ മുതലക്കുളത്ത് ശബരിമലകര്‍മസമിതിയുടെ നേതൃത്വത്തില്‍ നാമജപയാത്രസംഘടിപ്പിച്ചിരുന്നു.