ബിജു കുര്യൻ
പത്തനംതിട്ട: ഇന്നു പുലർച്ചെയോടെ ഡൽഹിയിൽ പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലും പത്തനംതിട്ട ഇല്ല. കേരളത്തിൽ ബിജെപി മത്സരിക്കുന്ന ഇതര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു ആദ്യപട്ടികയിൽ തന്നെ തീരുമാനമായെങ്കിലും പത്തനംതിട്ടയിലെ സസ്പെൻസ് തുടരുകയാണ്. ഇത് ഇന്നു രാത്രിയോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
തുഷാർ മത്സരിക്കുന്നില്ലെങ്കിൽ സുരേന്ദ്രന് തൃശൂരും പി.എസ്. ശ്രീധരൻപിള്ളയ്ക്ക് പത്തനംതിട്ടയും നൽകാൻ നീക്കമുണ്ടെന്ന് സംസ്ഥാന നേതാക്കളിൽ ഒരുവിഭാഗം പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി 13 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട സീറ്റിൽ തീരുമാനമാകാത്തതിനു തുഷാർ വെള്ളാപ്പള്ളിയുടെ വഴുതിമാറലും കാരണമാകുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ബിജെപിക്കു ഏറ്റവും പ്രധാനപ്പെട്ട തൃശൂർ സീറ്റ് തട്ടിയെടുത്ത ബിഡിജെഎസ് അവസാനനിമിഷം തുഷാറിനെ മത്സരിപ്പിക്കാതെ പിന്നിൽ നിന്നും ചവിട്ടുമോ എന്ന ഭയം ബിജെപിക്കുണ്ട്. തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ മാത്രമേ തൃശൂർ സീറ്റ് ബിഡിജഐസിനു നൽകുകയുള്ളൂ.
തുഷാർ മത്സരിച്ചില്ലെങ്കിൽ ഈ സീറ്റ് ഏറ്റെടുത്തിട്ടു കെ. സുരേന്ദ്രനു നൽകി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കു പത്തനംതിട്ട നൽകാനുമാണ് പദ്ധതി. എന്നാൽ ബിജെപി സ്ഥാനാർഥികളെ മുഴുവൻ പ്രഖ്യാപിച്ചാൽ മാത്രമേ ബിഡിജഐസ് സ്ഥാനാർഥി ലിസ്റ്റ് പുറത്തു വിടുകയുള്ളൂവെന്ന തുഷാറിന്റെ നിലപാടിൽ ബിജെപിക്കു സംശയമുണ്ട്.
തുഷാർ മത്സരിക്കാതെ വഴുതി മാറുകയാണെന്ന സംശയം ബലപ്പെടുന്നു. കൂടെ നിന്നിട്ടു അവസാനനിമിഷം പാലം വലിക്കുമോ എന്ന ഭയം ബിജെപിക്കുണ്ട്. ബിജെപിക്കു അണികളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ കഴിയുന്നില്ല. സംസ്ഥാന നേതാക്കളും അണികളിൽ നിന്നും വഴുതി മാറി രക്ഷപ്പെടുകയാണ്.
ശബരിമല വിഷയത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പത്തനംതിട്ടയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ തിരികെ വിളിച്ച് തിരുവനന്തപുരം വിജയിപ്പിക്കാൻ ഏല്പിച്ച ദൗത്യം പോലെ പ്രധാനമാണ് അമിത് ഷായ്ക്ക് പത്തനംതിട്ട. അനുയോജ്യനായ സ്ഥാനാർഥിക്കു പത്തനംതിട്ട നൽകുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നു.
ബിഡിജെഎസിനു നൽകിയ തൃശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമോയെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആകാത്തതാണ് പത്തനംതിട്ടയിലെ പ്രഖ്യാപനം വൈകുന്നതെന്ന് നേതാക്കൾ ആശ്വസിക്കുന്നുണ്ടെങ്കിലും പുറത്തു പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അവരും തള്ളിക്കളയുന്നില്ല.ബിഡിജെഎസ് തൃശൂർ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതോടെ പത്തനംതിട്ടയിലെ അഭ്യൂഹങ്ങൾ അവസാനിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.
ഇന്ന് അതുണ്ടായേക്കും. എന്തായാലും ബിജെപി പ്രചാരണ പരിപാടികൾ തീരുമാനിച്ചു കഴിഞ്ഞു. 26ന് പത്തനംതിട്ടയിൽ പാർലമെന്റ് മണ്ഡലം കണ്വൻഷൻ നടക്കും. തുടർന്ന് നിയോജകമണ്ഡലം കണ്വൻഷനുകളും ഏപ്രിൽ രണ്ടു മുതൽ സ്ഥാനാർഥി പര്യടനവുമെന്നതാണ് തീരുമാനം.സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച മണ്ഡലത്തിൽ പിന്നീട് എന്തു സംഭവിച്ചുവെന്നതിന് ഉത്തരം പറയാൻ സംസ്ഥാന ഭാരവാഹികൾക്കു കഴിയാതെ വന്നതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്.
സുരേന്ദ്രന് സീറ്റ് ഉറപ്പിച്ചതോടെ അദ്ദേഹം പത്തനംതിട്ടയിലെത്തിയതാണ്. ശബരിമല ദർശനം നടത്തി പത്തനംതിട്ടയിൽ ക്യാന്പ് ചെയ്തു ഇന്നു മുതൽ പ്രചാരണം തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. ആദ്യഘട്ട സ്ഥാനാർഥിപട്ടിക ഇറങ്ങിയതോടെ സുരേന്ദ്രൻ പരിപാടികളിൽ മാറ്റം വരുത്തി. പത്തനംതിട്ടയിൽ തങ്ങാതെ സ്വദേശമായ കോഴിക്കോട്ടേക്കു മടങ്ങി.
വ്യക്തിപരമായ ചില ആവശ്യങ്ങൾ ചെയ്തു തീർക്കാനുള്ളതിനാലാണ് മടങ്ങിയതെങ്കിലും ഇനി അന്തിമ തീരുമാനം അറിയട്ടെയെന്ന നിലപാടിലാണ് സുരേന്ദ്രനും. സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കളിൽ പലരും ബിജെപിയിലേക്ക് വരുമെന്ന സൂചന ബിജെപി നേതാക്കളും പറയുന്നു. ഇവരിലൊരാൾ പത്തനംതിട്ടയിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പക്ഷേ വ്യക്തമായ ഉത്തരമില്ല. എന്തായാലും പത്തനംതിട്ടയിലെ സസ്പെൻസ് ഇന്ന് അവസാനിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്ക്.
ചർച്ചകൾ ഇനിയുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കുന്പോൾ പത്തനംതിട്ട ജയിക്കാനുള്ള തന്ത്രങ്ങൾ ദേശീയ നേതൃത്വം മെനയുന്നതായാണ് സൂചന. ശബരിമല വിഷയത്തിലൂടെ കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്ന ദേശീയ അധ്യക്ഷൻ അമിത്ഷായുടെ താത്പര്യമാണ് ഇതിനു പിന്നിൽ.