40 രൂപ പോലും തികച്ച് ദിവസക്കൂലി ഇല്ലാത്തവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥിച്ച് ചത്തീസ്ഗഡില്‍ ബിജെപി! സമ്മാനമായി നല്‍കിയ ഫോണില്‍ വിളിച്ച് വോട്ടിന്റെ പേരില്‍ ഭീഷണിയെന്നും ആരോപണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു. അതിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയില്‍ വോട്ട് പിടിക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് നേതാക്കളും പാര്‍ട്ടികളും.

ഛത്തീസ്ഗഡില്‍ ബിജെപി നടത്തിയ പ്രചരണ തന്ത്രമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിങ് സംസ്ഥാനത്ത് ഓരോ വീട്ടിലും സ്മാര്‍ട് ഫോണ്‍ എന്ന ആശയവുമായാണ് നീങ്ങുന്നത്. 7.1 കോടി ഡോളറാണ് ഇതിനായി സര്‍ക്കാര്‍ വിനിയോഗിച്ചിരിക്കുന്നത്. ഇതിലൂടെ 2.6 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നാണ് പറയുന്നത്.

വനമേഖലയിലേതടക്കം 7,000 ഉള്‍നാടന്‍ ഗ്രാമങ്ങളാണ് സംസ്ഥാനത്തുള്ളത്. പലയിടത്തും മൊബൈല്‍ സിഗ്‌നലുകള്‍ പോലും ലഭ്യമല്ല. ഇവിടെ പാര്‍ട്ടിയുടെ പ്ലാന്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും കോളജ് വിദ്യാര്‍ഥികള്‍ക്കും ഓരോ വീട്ടിലെയും ഒരു സ്ത്രീക്കും ബേസിക് ഫീച്ചറുകളുള്ള സ്മാര്‍ട് ഫോണ്‍ നല്‍കാനുമാണ്. ഇതിലൂടെ, കേന്ദ്ര പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തുകയാണ് പ്രത്യക്ഷ ലക്ഷ്യം. ഇത് അഭിനന്ദനാര്‍ഹവുമാണ്. ഇതുവരെ എകദേശം 30 ലക്ഷം പേര്‍ക്കാണ് ഫോണ്‍ ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ഇവരെ ലക്ഷ്യം വച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്താന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപി ശമ്പളത്തിനു നിയോഗിച്ച 350 കരാര്‍ ജോലിക്കാര്‍ ഫോണ്‍ ലഭിച്ചവരെ വിളിക്കുന്നെന്നും ആര്‍ക്കാണ് വോട്ടു ചെയ്യുന്നത് എന്നു ചോദിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദം. ഫോണ്‍ ലഭിച്ച ചിലരാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.

ഇത്തരം കോള്‍ എടുത്താല്‍ ആദ്യം ചോദിക്കുന്നത് ഫോണ്‍ ലഭിച്ചതില്‍ സന്തോഷമുണ്ടോ എന്നും രമണ്‍ സിങ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടോ എന്നുമാണത്രേ. പിന്നെ വോട്ടിനെപ്പറ്റി ചോദിക്കുമെന്നും കോണ്‍ഗ്രസിനാണ് വോട്ടു ചെയ്യുക എന്നോ ഇത്തവണ വോട്ടു ചെയ്യില്ല എന്നോ പറഞ്ഞ ആളുകളുടെ അടുത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ അയയ്ക്കുന്നുവെന്നും ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.

അതേസമയം ഈ ഫോണുകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും അതു നന്നാക്കാന്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് അറിയില്ല എന്നും പറയുന്നവരുണ്ട്. 40 രൂപ പോലും ദിവസക്കൂലി ഇല്ലാത്തവര്‍ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നല്‍കി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ കാര്യം.

Related posts