പത്തനംതിട്ട: തൃശ്ശൂരില്‍ നിന്നെത്തിയ ലളിത എന്ന 52 വയസുള്ള ഭക്തയെ ആക്രമിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് ഇലന്തൂരിനെ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍. പത്തനംതിട്ട ബസ്സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി വീണ ജോര്‍ജ്ജ് എംഎല്‍എയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150ഓളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ സൂരജ് നിരപരാധിയാണെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. സംഘര്‍ഷങ്ങള്‍ അവസാനിച്ച ഘട്ടത്തിലാണ് സൂരജ് ചെറിയ നടപ്പന്തലില്‍ നിന്ന് വലിയ നടപ്പന്തലിലേക്ക് തനിക്കൊപ്പം എത്തിച്ചേര്‍ന്നതെന്ന വാദവുമായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു രംഗത്തെത്തി. ചെറിയ നടപ്പന്തലിന് സമീപത്തെ റസ്റ്റോറന്റില്‍ നിന്ന് ചായ കഴിക്കുന്ന സമയത്താണ് വലിയ നടപ്പന്തലില്‍ നിന്ന് വലിയ ബഹളം കേള്‍ക്കുന്നത്. ഈ സമയം താന്‍ ഓടിയെത്തിയപ്പോള്‍ 90 ശതമാനം പ്രശ്‌നങ്ങളും കഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ബൈക്ക് ആക്‌സിഡന്റില്‍ കാല്‍ അറ്റ് തൂങ്ങിയ സൂരജിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ താന്‍ എത്തി മിനുട്ടുകള്‍ക്ക് ശേഷമാണ് സൂരജ് സംഘര്‍ഷ സ്ഥലത്തേക്ക് എത്തിയതെന്നാണ് പ്രകാശ് ബാബു വാദിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ സൂരജ് ഉണ്ടായിരുന്നുവെന്നും ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നുമാണ് ജില്ലാ പോലീസ് മേധാവി നാരായണന്‍ പറയുന്നത്. എന്നാല്‍ സൂരജ് ലളിതയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടോയെന്ന ചോദ്യത്തിന് പോലീസ് വ്യക്തമായ ഉത്തരം നല്‍കുന്നില്ല. സന്നിധാനം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച കേസിലും സൂരജുണ്ടെന്ന് എസ്പി പറഞ്ഞു.
ഇന്നലെ അറസ്റ്റ് ചെയ്ത സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, സ്ത്രീയെ ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്.
മുമ്പ് ശബരിമലയ്ക്ക് വരുന്ന ലിബിയെന്ന യുവതിയെ പത്തനംതിട്ട ബസ്റ്റാന്റില്‍ തടഞ്ഞ കേസിലെ പ്രധാന പ്രതിയും കൂടിയാണ് സൂരജ് എസ്പി പറഞ്ഞു. അതേസമയം, പത്തനംതിട്ട ബസ്സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി എംഎല്‍എയ്ക്ക് എതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പകയാണ് സുരജിനെതിരെ പൊലീസിനുള്ളതെന്നും, ലളിതയെ ആക്രമിച്ച കൂട്ടത്തില്‍ സൂരജ് ഇല്ലെന്നും കള്ളക്കേസാണിതെന്നും ആരോപിച്ച് സൈബര്‍ ഇടത്തില്‍ യെസ് ഐ ആം സൂരജ് കാമ്പയിന്‍ ആരംഭിച്ചു. സൂരജ് സ്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിട്ടുമുണ്ട്.