ജോണ്സണ് വേങ്ങത്തടം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ താരപ്രഭയൊരുക്കി കളം പിടിക്കാന്‍ ബിജെപിയും രംഗത്ത്. സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കു പിന്നാലെ വേറെയും താരങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണു പാർട്ടി.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന വിജയ് യാത്രയില്‍ കൂടുതൽ താരങ്ങൾ അണിനിരന്നേക്കും.
മോഹന്‍ലാലിനെ ഒപ്പം കൂട്ടാനുള്ള നീക്കം നടത്തിയെങ്കിലും ഫലപ്രദമായില്ല.
കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുപോലും അദ്ദേഹം വഴങ്ങിയില്ലെന്നാണു റിപ്പോർട്ട്. രാഷ്ട്രീയം തനിക്കു പറ്റിയ പണിയല്ലെന്നാണു മോഹൻലാലിന്റെ പക്ഷം.
എന്നാൽ സുഹൃത്തായ ഗണേഷ് കുമാര്‍ എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചപ്പോള്‍ മോഹൻലാൽ പ്രചാരണത്തിനിറങ്ങിയിരുന്നു. അതു സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനെ ബിജെപിയില്‍ എത്തിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ടു ചര്‍ച്ച നടത്തിയെന്നു സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉണ്ണി മുകുന്ദനോട് ആവശ്യപ്പെട്ടതായും പറയുന്നു.
കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ നിലവിൽ പൂര്‍ത്തിയാക്കാനുണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില് മത്സരരംഗത്ത് ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന് അറിയിച്ചതായാണു സൂചന.
നേരത്തെമുതല്‍ ബിജെപി അനുഭാവം പരസ്യമാക്കിയിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്.
മല്ലിക സുകുമാരന്‍, അനുശ്രീ തുടങ്ങിയവരെയും ബിജെപി ലക്ഷ്യം വയ്ക്കുന്നു. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്പര്യം ഇല്ലെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
ഉപ്പും മുളകും ഷോയിലൂടെ പ്രശസ്തയായ നടി നിഷാ സാരംഗിനെയും ബിജെപിയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
മെട്രോമാന് ഇ. ശ്രീധരന് പാര്‍ട്ടിയില്‍ ചേരുന്നതു തെരഞ്ഞെടുപ്പില്‍ വലിയ മുതല്‍ക്കൂട്ടാവും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ശ്രീധരനു പുറമെ പ്രമുഖ കായികതാരം പി.ടി. ഉഷയെയും പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്.
നേരത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പി.ടി. ഉഷ ട്വീറ്റ് ചെയ്തിരുന്നു.
മുൻ വര്‍ഷങ്ങളിൽ കാണാത്തരീതിയിൽ മലയാള സിനിമാതാരങ്ങളുടെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ ദൃശ്യമാണ്. രാഷ്ട്രീയചായ്വ് പരസ്യമായി വെളിപ്പെടുത്താന്‍ താരങ്ങള്‍ ഇപ്പോൾ മടിക്കുന്നില്ല.
സാധാരണനിലയില്‍ ഇടതുപക്ഷ സഹയാത്രികര്‍ മാത്രം പ്രകടിപ്പിച്ചിരുന്ന രാഷ്ട്രീയവികാരം വലതുപക്ഷതാരങ്ങളും വെളിപ്പെടുത്താന്‍ തയാറാകുന്നു.
രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയ്ക്കിടെ നടന് രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടനായ ധര്മജന് നേരത്തെ മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
ഇക്കുറി ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന് ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രാ വേദിയിലെത്തി.
നടനും സംവിധായകനുമായ മേജര്‍ രവിയും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു.
ഇടതുപക്ഷത്ത് മുകേഷ്, ഗണേഷ്, കെപിഎസി ലളിത, ഇന്നസെന്റ്, ആഷിഖ് അബു, റീമ കല്ലിങ്കല്‍ അടക്കമുളള സിനിമാക്കാര് സജീവമായിട്ടുണ്ട്.