കുന്നംകുളം: നഗരസഭ ഭരണ സമിതി രൂപീകരണത്തിൽ ഒരു കൂട്ടുമുന്നണി രൂപീകരണം നടക്കുമോ എന്ന ശ്രമത്തിലാണ് നരസഭയിലെ മുൻ പ്രതിപക്ഷസംഘങ്ങൾ.
കുന്നംകുളത്ത് ഭരണ സമിതി രൂപീകരിക്കാൻ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സോമശേഖരന്റെ നിലപാട് നിർണായകമായിരിക്കുന്ന സാഹചര്യത്തിലാണ് സോമശേഖരന്‍ വൻ ഓഫറുകൾ നൽകി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുള്ളത്.
സീറ്റും ചിഹ്നവും നൽകാമെന്ന് പറഞ്ഞ് തങ്ങളുടെ പാളയത്തിലെത്തിച്ച സോമശേഖരനെയും മുൻ ചെയർമാൻ സി.വി ബേബിയേയും അവസാന നിമിഷം ചതിച്ച കുന്നംകുളത്തെ കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഇപ്പോൾ സോമശേഖരനെ വീട്ടിൽ ചെന്നുകണ്ട് ക്ഷമയും അനുനയ ശ്രമവുമായി പടിക്കൽ കാത്തിരിക്കുന്നത്.
സോമശേഖരന്‍ മാത്രമേ തങ്ങളെ നയിക്കാനാവൂ എന്ന നിലപാടാണ് ഇപ്പോൾ കുന്നംകുളത്തെ കോണ്‍ഗ്രസിന്. അഞ്ചുവർഷം ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വന്പൻ ഓഫറുകളാണ് സോമശേഖരന്‍ ഇപ്പോൾ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
12 സീറ്റിൽ നിന്ന് ഏഴു സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്റെ ഈ ഓഫർ സ്വീകരിക്കണമോ എന്ന ആലോചനയിലാണ് സോമശേഖരൻ. കോണ്‍ഗ്രസിന്റെ കൂടെ ബിജെപിയും ഭരണസമിതി രൂപീകരിക്കുന്നതിന് കോപ്പ് കൂട്ടുന്നുണ്ട്.
നഗരസഭയിൽ യുഡിഎഫിനെക്കാൾ കൂടുതൽ കൗണ്‍സിലർമാർ ബിജെപിക്ക് ഇപ്പോഴുണ്ട്. യാതൊരു സ്ഥാനമാനങ്ങളും നൽകിയില്ലെങ്കിലും സിപിഎമ്മിനെ എങ്ങനെയെങ്കിലും ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ എന്തു വിട്ടുവീഴ്ചയും നടത്താമെന്ന നീക്കത്തിലാണ് ബിജെപി കൗണ്‍സിലർമാർ.
അതിനായി ബിജെപി നേതാക്കളും ഫോണ്‍ വിളികളുടെ തിരക്കുകൾക്കിടയിലാണ്. ഈ കൂട്ടു മുന്നണി രൂപീകരണത്തിൽ ആവശ്യമെങ്കിൽ സഹായം നൽകാമെന്ന് ആർഎംപിയും മൗനസമ്മതം നൽകിയതായാണ് സൂചന. ആർഎംപി മൂന്ന് കൗണ്‍സിലർമാരെ വിജയിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ കൂട്ടു മുന്നണിക്കൊപ്പം പോകണോ എന്ന് നഗരസഭയിലെ അനിവാര്യഘടകമായി മാറിയ സോമശേഖരൻ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.
കോണ്‍ഗ്രസും ബിജെപിയും മുന്നോട്ടു വച്ചിട്ടുള്ള വൻ ഓഫറുകളൊന്നും സോമശേഖരൻ ഇതുവരെ സ്വീകരിച്ചിട്ടുമില്ല. സി.വി. ബേബി, സോമശേഖരൻ ഉൾപ്പെടെയുള്ള വിഭാഗത്തോട് കോണ്‍ഗ്രസ് ചെയ്ത അനീതി എളുപ്പം മറക്കാവുന്നതല്ല എന്നും ഇവർ വ്യക്തമാക്കുന്നു.
ഡിസിസി പ്രസിഡന്റ്, കുന്നംകുളത്തു നിന്നും ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഉൾപ്പെടെയുള്ളവർ സോമശേഖരന്‍ എന്തു സ്ഥാനവും നൽകാനുള്ള തയ്യാറെടുപ്പുമായാണ് ഇപ്പോൾ രംഗത്തിറങ്ങിയിട്ടുള്ളത്.
എന്നാൽ ഇവരെയൊക്കെ വച്ച് എങ്ങനെ ഭരിക്കുമെന്ന ചിന്തയിലാണ് പഴയ സേവ് കോണ്‍ഗ്രസ് വിഭാഗമിപ്പോൾ. ഭരണമുന്നണി രൂപീകരണത്തിന് സിപിഎമ്മും സോമശേഖരനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അധികം പ്രശ്നങ്ങൾ ഇല്ലാതെ അഞ്ചുകൊല്ലം സ്വസ്ഥമായി ഭരിക്കാനുള്ള ശ്രമങ്ങൾക്കാണ് സോമശേഖരൻ മുൻഗണന നൽകുന്നത്. അദ്ദേഹത്തിൻറെ അന്തിമതീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.