വടകര: എല്ലാ പാർട്ടികളുടെയും കൊടികൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പുതുപ്പണം സിദ്ധാന്തപുരത്തെ വീട്ടമ്മമാർ രംഗത്ത്. ബിജെപി-സിപിഎം സംഘർഷം നിലനിൽക്കുന്ന ഇവിടെ ഇന്നലെ വൈകീട്ട് സർക്കിൾ ഇൻസ്പെക്ടറും സംഘവും എത്തിയപ്പോഴാണ് പരിസരത്തെ വീട്ടമ്മമാർ ഒന്നടങ്കം മുന്നോട്ട് വന്ന് കൊടിമരവും കൊടികളും മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
പൊതുസ്ഥലത്ത് നാട്ടിയ കൊടികൾ നശിപ്പിക്കുന്നതിന്റെ പേരിലാണ് ഇവിടെ ഇരുകൂട്ടരും ഏറ്റുമുട്ടുകയും സ്വൈരജീവിതം താറുമാറാവുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാ പാർട്ടിയുടേയും കൊടികളും കൊടിമരവും നീക്കം ചെയ്യണമെന്ന അഭ്യർഥന ഇവർ മുന്നോട്ടുവെച്ചത്.
കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടയിൽ സിപിഎം സിദ്ധാന്തപുരം ബ്രാഞ്ച് സെക്രട്ടറി ടി.ടി.പ്രസാദിെൻറയും കോറോത്ത് ചന്ദ്രെൻറയും ആർഎസ്എസ് താലൂക്ക് ശിക്ഷണ്‍ പ്രമുഖ് ചെട്ടീൻറവിട സതീശെൻറയും വീടിന് നേരെ അക്രമമുണ്ടായി. കല്ലേറിൽ മൂന്ന് വീടുകളുടെയും ജനൽ ചില്ലുകളും ഓടും തകർന്നു. തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രിയാണ് അക്രമങ്ങൾക്ക് തുടക്കം. സിപിഎം, ആർഎസ്എസ് കൊടിമരങ്ങളും തകർക്കപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.ഇതിനു പിന്നാലെ ബിജെപി പ്രവർത്തകയും നഗരസഭാ കൗണ്‍സിലറുമായ പി.കെ.സിന്ധുവിന്റെ വീട് അടിച്ചു തകർത്തു. സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്ത് ആർഎസ്എസ് പ്രവർത്തകരായ ഇല്ലത്തുകുനി അനന്തുരാജനും താഴെ മേത്തിലാട്ട് രജു രാജിനും മർദനമേറ്റു. ഇവിടെ ഹിന്ദു ഐക്യ വേദിയുടെ കൊടി തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ഇതിൽ പ്രതിഷേധിച്ച് ബിജെപി ഇന്നലെ വൈകുന്നേരം പ്രകടനം നടത്തി. ഇതിനിടയിൽ സിപിഎം കൊടികൾ നശിപ്പിക്കാൻ ശ്രമമുണ്ടായി. ഇതറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് വീട്ടമ്മാർ ഇരുപാർട്ടികൾക്കുമെതിരെ ശബ്ദിച്ചത്.