കണ്ണൂർ: ബിജെപി-സംഘപരിവാർ ശക്തികളാണു രാജ്യത്തിന്റെ പ്രധാന ശത്രുവെന്നും അവരെ അധികാരത്തിൽനിന്നു താഴെയിറക്കുകയാണ് മുഖ്യലക്ഷ്യമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
ബിജെപിയെ എതിർക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വം കൊടുക്കാനുള്ള ശക്തിയും കരുത്തും കോൺഗ്രസിനില്ല. ബിജെപിയെ തോല്പിക്കുക എന്ന പൊതുവായ ലക്ഷ്യത്തിനൊപ്പമല്ല കോൺഗ്രസ് നില്ക്കുന്നത്. കോൺഗ്രസിന് ഇടതുപക്ഷത്തെ തോല്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാൻ ഏതെല്ലാം സാഹചര്യങ്ങളുണ്ടോ അതിന്റെ ഒപ്പം ഇടതുപക്ഷം ഉണ്ടാകും. ഇന്ത്യാ മുന്നണി ബിജെപിയെ പ്രതിരോധിക്കാൻ ഫലപ്രദമാണ്. ഇടതുപക്ഷം ആദ്യമായി എടുക്കുന്ന നിലപാടല്ല, ദേശീയതലത്തിൽ കോൺഗ്രസിന്റെ ഭാഗമാകുകയെന്നത്.
രാഹുൽ ഗാന്ധിയെ അല്ല, ആരെയും നേതാവായി കാണുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, നയിക്കാൻ കഴിയണം. കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ നിലപാടെടുക്കുവാൻ സാധിക്കാത്തതാണ് കോൺഗ്രസിൽ ഗ്രൂപ്പിസം വരുന്നതിന്റെയും നേതാക്കൾ കൊഴിഞ്ഞു പോകുന്നതിന്റെയും കാരണം.
അവസരവാദപരമായ നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത്. ഇന്ന് മത്സരിക്കുന്ന പല കോൺഗ്രസ് നേതാക്കളും നാളെ എവിടെയായിരിക്കുമെന്ന് പറയാൻ സാധിക്കുന്നില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കുറവാണ്.
2004ൽ ഇന്ത്യൻ പാർലിമെന്റിൽ 44 സീറ്റുണ്ടായിരുന്നു ഇടതുപക്ഷത്തിന്. കേരളത്തിൽനിന്നു കോൺഗ്രസിനെ തോല്പിച്ചാണ് 18 എംപിമാർ അന്ന് കേന്ദ്രത്തിൽ എത്തിയത്. ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നല്കുകയായിരുന്നു.
അവിടെ, ഞങ്ങൾ സ്വീകരിച്ച നിലപാട് ബിജെപി അധികാരം പിടിക്കരുതെന്നായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ട്രെൻഡാണ് യുഡിഎഫിന് അനുകൂലമായ വിജയം ഉണ്ടാക്കിയത്. അതിനെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനും സിപിഎമ്മിനും കഴിഞ്ഞില്ല. അതുകൊണ്ടുള്ള വിജയം മാത്രമാണ് 19 സീറ്റ് യുഡിഎഫിന് കേരളത്തിൽ കിട്ടിയത്. അല്ലാതെ, കോൺഗ്രസിന്റെ ജനപിന്തുണ കൊണ്ടുള്ള വിജയമല്ല.