കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വിജയം നേടാനാവാത്തതില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ആരോപണം നിലനില്‍ക്കെ ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ ചേരും. എറണാകുളത്താണ് യോഗം.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നേതാക്കളേയും സംഘടനാഭാരവാഹികളേയും നേരിട്ടിരുത്തി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് കോര്‍കമ്മിറ്റി ചേരുന്നത്.
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവായ സി.പി.രാധാകൃഷ്ണനും സഹപ്രഭാരിയായി കര്‍ണ്ണാടകയിലെ എംഎല്‍എ എം. സുനില്‍കുമാറും കേന്ദ്രമന്ത്രി വി.മുരളീധരനും യോഗത്തില്‍ പങ്കെടുക്കും.
പി.കെ.കൃഷ്ണദാസും ശോഭാസുരേന്ദ്രനും പങ്കെടുക്കുന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ യോഗങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന ശോഭാസുരേന്ദ്രന് ഈ യോഗത്തില്‍ എത്തുമെന്നും സംസ്ഥാന നേതൃത്വത്തിനെതിരേ അഭിപ്രായം പരസ്യമാക്കുമെന്നും സൂചനയുണ്ട്.
കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്ന് ബിജെപിയില്‍ ആഭ്യന്തരപ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ത്തിട്ടും
തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടായെന്ന അവകാശവാദവുമായാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് യോഗത്തില്‍ എത്തുന്നത്. എന്നാല്‍ തലസ്ഥാനത്തെ കോര്‍പറേഷനിലെ തിരിച്ചടിയും മറ്റുള്ളിടത്തെ അവകാശവാദങ്ങള്‍ പൊളിഞ്ഞതും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളായി മറുപക്ഷം ഉന്നയിക്കും.
ഒ.രാജഗോപാലും ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടിയുമുള്‍പ്പെടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പി.കെ.കൃഷ്ണദാസ് , ശോഭാസുരേന്ദ്രന് അനുകൂലികള്‍ തെരഞ്ഞെടുപ്പിലുണ്ടായ നഷ്ടം സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടാണെന്ന വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്.
സുരേന്ദ്രനെതിരേ മുതിര്‍ന്ന നേതാക്കള്‍ പരാതി ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പിന് മുമ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെയും യോഗത്തില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും സുരേന്ദ്രനെതിരേ കേന്ദ്രത്തിന് മുറപക്ഷം കത്തയച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ വരെ മത്സരിക്കാനിറങ്ങിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് സംഘടനാതലത്തിലെ പിഴവുകൊണ്ടാണെന്ന വാദമാണിവര്‍ ഉയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പോലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും മറുപക്ഷം പറയുന്നു.