വാഹനാപകടത്തില്‍ മരണമടഞ്ഞ യുവകൗണ്സിലറുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ബിജെപി ശ്രമം. കൊല്ലം തേവള്ളിയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ മരണമടഞ്ഞ കോകിലയുടെ അമ്മയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. വാര്‍ഡു നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറക്കുന്നത് കോകിലയുടെ അമ്മ ബി ഷൈലജയും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയിലെ മരണമടഞ്ഞ കോകിലയുടെ അഭ്യര്‍ഥന ചേര്‍ത്തിരിക്കുന്നത്.
”ഞാന്‍ കോകില. ഈശ്വര കൃപയാല്‍ നിങ്ങള്‍ക്ക് സുഖമെന്ന് വിശ്വസിക്കുന്നു എന്ന് തുടങ്ങുന്ന അഭ്യര്‍ഥനയില്‍ മരണപ്പെട്ടതും മൃതദേഹം അടക്കിയപ്പോള്‍ നാട് നല്കിയ യാത്രയയപ്പും കോകില ഓര്‍മിക്കുന്നതായി നല്കിയിരിക്കുന്നു. നേരിട്ട് വന്ന് ചോദിക്കുവാന്‍ വിധി കനിഞ്ഞില്ല. തേവളളിയില്‍ ജനവിധി തേടുന്ന എന്റെ അമ്മയെ അനുഗ്രഹിച്ച് വിജയിപ്പക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇനിയൊരിക്കലും മറ്റൊരു ആഗ്രഹവുമായി ഞാന്‍ നിങ്ങളുടെ മുന്നിലെത്തില്ല. എന്റെ മോഹം സാധിച്ചുതരണം എന്നും കത്തില്‍ പറയുന്നു. അഭ്യര്‍ഥനയുടെ സ്നേഹപൂര്‍വ്വം കോകില എസ് കുമാര്‍ എന്നും ചേര്‍ത്തിട്ടുണ്ട്.
സഹതാപ തരംഗം ഉയര്‍ത്തി വോട്ട് പിടിക്കുവാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫും യുഡിഎഫം പരാതി ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി.കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ദേശീയപാതയില്‍ നടന്ന വാഹനപകടത്തില്‍ കോകിലയും അച്ഛന് സുനില്‍ കുമാറും കൊല്ലപ്പെട്ടത്. കര്‍മലറാണി ട്രെയ്നിംഗ് കോളജിലെ ബിടെക് വിദ്യാര്‍ഥിനി കൂടിയായിരുന്നു യുവകൗണ്സിലറായി മാധ്യമങ്ങളില്‍ തിളങ്ങിയ കോകില.