കോഴിക്കോട്: വിഭാഗീയത രൂക്ഷമായ കേരളത്തില്‍ ബിജെപിയെ നിയന്ത്രിക്കാന്‍ “അണ്ണന് തമ്പി’. കേരളത്തിന്റെ സംഘടനാ ചുമതല നല്കി കേന്ദ്രനേതൃത്വം നിയമിച്ചത് തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവായ സി.പി.രാധാകൃഷ്ണനെയാണ്.
സഹപ്രഭാരിയായി കര്‍ണ്ണാടകയിലെ എംഎല്‍എ എം. സുനില്‍കുമാറിനെയും നിയമിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനെ ആന്ധ്രപ്രദേശിന്റെ ചുമതലയാണ് നല്‍കിയത്.
അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതലയും നല്കി. അതേസമയം നേരത്തെ തെലുങ്കാനയുടെ ചുമതലയുണ്ടായിരുന്ന പി.കെ.കൃഷ്ണദാസിന് ഇത്തവണ എവിടേയും ചുമതല നല്‍കിയിട്ടില്ല.
ചുമതല നല്‍കാത്തതിന് പിന്നില്‍ സംസ്ഥാനത്തെ ഉള്‍പാര്‍ട്ടി തര്‍ക്കം വിഷയമായി മാറിയിട്ടുണ്ടോയെന്ന ചര്‍ച്ചയും ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചതും സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്, ശോഭാസുരേന്ദ്രന്, എന്‍.എന്‍.രാധാകൃഷ്ണന് എന്നിവരാരും ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സംസ്ഥാന ഭാരവാഹികള്‍, ജില്ലാ മേഖലാ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗമായിരുന്നു ഇന്നലെ ചേര്‍ന്നത്. പുതുതായി ചുമതലയേറ്റ സി.പി.രാധാകൃഷ്ണന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങുന്നത്.
തിരുവനന്തപുരം, തൃശൂര്‍ കോര്പറേഷന്
തദ്ദേശതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്താനാണ് ബിജെപി തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലും തൃശൂരിലും ഭരണം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്, നഗരസഭ, കോര്പറേഷന്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി 21,908 വാര്‍ഡുകളാണുള്ളത്. ഇവിടെയെല്ലാം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 4,000 വാര്‍ഡുകളിലെങ്കിലും വിജയിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.
വിജയം ഉറപ്പുള്ള വാര്‍ഡുകളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് പ്രചാരണ പരിപാടികള്‍ നടത്തണമെന്നും മറ്റിടങ്ങളില്‍ മുഖ്യപ്രതിപക്ഷമായി മാറണമെന്നും ബിജെപി നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്കി.
ഓരോ പഞ്ചായത്തിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നേരിട്ടെത്തി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്തും തൃശൂരിലും കേന്ദ്രമന്ത്രിമാരെയുള്പ്പെടെ പ്രചാരണത്തിനായി എത്തിക്കാനും നീക്കം നടത്തുന്നുണ്ട്.
കോവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. നയതന്ത്ര ബാഗേജ്വഴിയുള്ള സ്വര്‍ണക്കടത്തും ബിനീഷിന്റെ അറസ്റ്റുമെല്ലാം പരമാവധി പ്രചാരണ ആയുധമാക്കും.
ഓരോ പഞ്ചായത്തിലും ആര്‍എസ്എസ് നേതാക്കള്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ സാഹയങ്ങള്‍ എന്തെല്ലാമാണെന്നതും ജനങ്ങളില്‍ എത്തിക്കുന്നതും പ്രചാരണ വിഷയമാക്കും.
കൂടാതെ കേന്ദ്രപദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി മാറ്റാനും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.