തലശേരി: നങ്ങാറത്ത് പീടിക-കൊമ്മൽവയൽ പ്രദേശങ്ങളിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴു വീടുകൾക്കു നേരേ അക്രമം നടന്നു. എട്ടു ബൈക്കുകളും ഒരു കാറും തകർത്തു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തെ തുടർന്ന് പോലീസ് രാത്രിയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ സിപിഎം-ബിജെപി പ്രവർത്തകരായ 15 പേരെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരിൽ ഒരു ബിജെപി പ്രവർത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ മാതാവ് ന്യൂമാഹി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരവും നടത്തി. സിപിഎം കൊമ്മൽവയൽ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പുന്നോൽ സർവീസ് സഹകരണ ബാങ്ക് മാനേജരുമായ മാടപ്പീടിക രാജീവം വീട്ടിൽ രാജീവ് കുമാർ, നങ്ങാറത്ത്പീടികയിലെ റക്സി വീട്ടിൽ രവീന്ദ്രൻ, പൈക്കാട്ട്കുനി റോഡിൽ ചാലി ജയൻ, സദാനന്ദൻ, കാർത്ത്യായനി എന്നീ സിപിഎം പ്രവർത്തകരുടെയും ശ്രീവത്സം വീട്ടിൽ രാജൻ, ടാഗോർ വിദ്യാനികേതൻ സ്കൂളിനു സമീപമുള്ള സായി എന്നീ ബിജെപി പ്രവർത്തകരുടെയും വീടുകളാണ് തകർക്കപ്പെട്ടത്.
മിക്ക വീടികളുടെയും ജനൽചില്ലുകളാണ് അടിച്ചുതകർത്തിട്ടുള്ളത്.രാജീവ് കുമാറിന്റെ വീട് തകർത്ത സംഘം ഇയാളുടെ കാറും ബൈക്കും അടിച്ചുതകർത്തു. ചാലി ജയന്റെ രണ്ട് മോട്ടോർ സൈക്കിളും കാർത്ത്യായനിയുടെ വീട്ടിലുണ്ടായിരുന്ന രണ്ട് ബൈക്കുമാണ് തകർക്കപ്പെട്ടത്. ബിജെപി പ്രവർത്തകൻ രാജീവന്റെ വീട്ടിലെ ആക്ടീവ സ്കൂട്ടറും ബൈക്കും തകർത്തു.
ഇന്നലെ വൈകുന്നേരം തലശേരി നഗരസഭയുടെ 150 ാം വാർഷികത്തോടനുബന്ധിച്ച് വാർഡ് തലത്തിൽ നടക്കുന്ന ആഘോഷപരിപാടികളുടെ വിളംബര ഘോഷയാത്രയ്ക്കിടയിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് മർദനമേറ്റതിനെ തുടർന്നാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
മർദനമേറ്റ ബിജെപി പ്രവർത്തകരായ സനൽ, വിഷ്ണു എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമ വിവരമറിഞ്ഞ് എസ്പി ശിവവിക്രം, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, ന്യൂമാഹി പ്രിൻസിപ്പൽ എസ്ഐ അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.
ഇന്നലെ രാത്രി റെയ്ഡിൽ പിടികൂടിയ 15 പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും നിരപരാധികളെന്നു കണ്ടെത്തുന്നവരെ വിട്ടയക്കുമെന്നും ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.