ബരേലി: ദളിത് യുവാവിനെ വിവാഹം കഴിച്ചതിനു തന്നെ കൊലപ്പെടുത്താൻ പിതാവ് ശ്രമിക്കുന്നതായി ഉത്തർപ്രദേശ് ബിജെപി എംഎൽഎയുടെ മകൾ. ബരേലി ജില്ലയിലെ ബിതാരി ചെയ്ൻപുർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്രയാണ് (23) ആരോപണം ഉന്നയിച്ചത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് സാക്ഷി തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിയിച്ചത്.
ബുധനാഴ്ച അജിതേഷ് കുമാർ (29) എന്ന ദളിത് യുവാവിനെ താൻ വിവാഹം ചെയ്തതായും വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോയിൽ സാക്ഷി പറയുന്നു. മറ്റൊരു വീഡിയോയിൽ തന്റെ പിതാവും സഹോദരൻമാരും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും പോലീസ് സുരക്ഷ ആവശ്യമാണെന്നും സാക്ഷി പറഞ്ഞു.
ബരേലിയിലെ മറ്റ് എംഎൽഎമാരും എംപിമാരും രാജേഷ് മിശ്രയെ സഹായിക്കരുത്. അദ്ദേഹം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവരികയാണ്. തന്നെ ജീവിക്കാൻ അനുവദിക്കുക. തനിക്കോ തന്റെ ഭർത്താവിനോ എന്തെങ്കിലും സംഭവിച്ചാൽ രാജേഷ് മിശ്രയെ ജയിലിലടയ്ക്കാനുള്ള കാര്യങ്ങൾ താൻ ചെയ്യുമെന്നും സാക്ഷി വീഡിയോയിൽ പറയുന്നു.
എന്നാൽ ബിജെപി എംഎൽഎ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വീഡിയോ സംബന്ധിച്ച് തനിക്ക് അറിവ് ലഭിച്ചെന്നും ദമ്പതികൾക്ക് മതിയായ സുരക്ഷ നൽകാൻ എസ്എസ്പിയോട് ആവശ്യപ്പെട്ടതായും ഡിഐജി ആർ.കെ പാണ്ഡ്യ അറിയിച്ചു.