ന്യൂഡൽഹി: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മൗലിക അവകാശമുണ്ടെന്നു സുപ്രീം കോടതി. സ്വന്തം ഇഷ്ടപ്രകാരം എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രാജ്യത്തെ പരമോന്നത കോടതി വിധിച്ചു. വിവാഹ ശേഷം വീട്ടു തടങ്കലിലാക്കപ്പെട്ട കർണാടകയിലെ ബിജെപി നേതാവിന്റെ മകൾ നൽകിയ ഹർജിയിലാണ് കോടതി വിധി.
ജോലിക്കായി ബംഗളൂരുവിൽപോകാൻ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. നിങ്ങൾ പ്രായപൂർത്തിയായ ആളാണ്. നിങ്ങൾ സ്വതന്ത്രയാണ്, എവിടെപോകണമെന്ന് ആഗ്രഹിക്കുന്നോ അവിടെ പോകാൻ കഴിയും.
പെൺകുട്ടിയുടെ കുടുംബമോ ഭർത്താവോ അയാളുടെ കുടുംബമോ അവളെ ഭീഷണിപ്പെടുത്താനോ തടയാനോ പാടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
കർണാടക ബിജെപി നേതാവിന്റെ മകളും കമ്പ്യൂട്ടർ എൻജിനീയറുമായ ഇരുപത്തിയാറുകാരിയാണ് കോടതിയെ സമീപിച്ചത്. ഇതര ജാതിയിൽപെട്ടയാളെ വിവാഹം കഴിക്കാനുള്ള പെൺകുട്ടിയുടെ ആഗ്രഹത്തിനു എതിരായാണ് ബന്ധുക്കൾ കല്യാണം നടത്തിയത്. കഴിഞ്ഞ മാർച്ച് 14 ന് ആണ് പെൺകുട്ടിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഡൽഹിയിലെത്തിയ പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതര ജാതിയിൽപെട്ട പുരുഷനെ വിവാഹം ചെയ്താൽ തന്റെ കുടുംബം ദുരഭിമാനക്കൊലയ്ക്കു മുതിരുമെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. എൻജിനീയറായ പെൺകുട്ടിയുടെ വിദ്യാഭ്യാസം കഴിഞ്ഞ ജനുവരി മുതൽ നിർബന്ധച്ച് അവസാനിപ്പിച്ചിരുന്നു. ഇഷ്ടമില്ലാത്ത ആളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.
മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗാണ് പെൺകുട്ടിക്കുവേണ്ടി കോടതിയിൽ ഹാജരായത്. പെൺകുട്ടിയെ അപമാനിക്കില്ലെന്നും ഇവളുടെ രേഖകളെല്ലാം മടക്കി നൽകാമെന്നും കുടുംബം കോടതിയിൽ അറിയിച്ചു. സ്വന്തം ഇഷ്ടത്തിനെതിരായി നടന്ന വിവാഹത്തിൽനിന്നും പിൻവാങ്ങാൻ നടപടിക്കൊരുങ്ങുകയാണ് പെൺകുട്ടി.