ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയത് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചാണെന്ന പരാതികൾക്ക് മധ്യപ്രദേശിൽനിന്നു തെളിവുകൾ.
ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശിലെ ബിന്ദ് മണ്ഡലത്തിൽ ഈ മാസം ഒന്പതിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോ ണിക് വോട്ടിംഗ് മെഷീനികളിലാണ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്.
വോട്ടിംഗ് മെഷീനുകളിലെ ഏതു ബട്ടണിൽ അമർത്തിയാലും ബിജെപി സ്ഥാനാർഥിക്ക് വോട്ട് വീഴുന്ന തരത്തിലാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുൻപായി ഇലക്ഷൻ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പു കണ്ടെത്തിയത്. വോട്ടിംഗ് മെഷീനോടൊപ്പം വിവിപിഎടി( വോട്ട് ചെയ്തത് പ്രിന്റ് ചെയ്ത് കാണിക്കുന്ന സംവിധാനം) ഘടിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടത്തിയതായി മനസിലായത്.
മധ്യപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ സെലീന സിംഗ് വോട്ടിംഗ് യന്ത്രം പരിശോധിക്കുന്ന ദൃശ്യങ്ങൾ വിവിധ വാർത്താ ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്. സിംഗിനെ കൂടാതെ, നിരവധി ഉദ്യോഗസ്ഥരും യന്ത്രങ്ങളുടെ പരിശോധനയിൽ പങ്കെടുത്തിരുന്നു. യന്ത്രത്തിൽ രേഖപ്പെടുത്തിയ ഏതു സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരെ അമർത്തിയാലും വോട്ട് ബിജെപി സ്ഥാനാർഥിക്കാണ്.
സംഭവം പുറത്തായതോടെ, ഈ വാർത്ത മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ റായ സെലീന സിംഗ് അഭ്യർഥിച്ചതും ഏറെ വിവാദമായിട്ടുണ്ട്. വിവരം പുറത്തറിഞ്ഞാൽ തങ്ങൾ ജയിലിൽ പോകേണ്ടിവരുമെന്നാണ് അവർ പറഞ്ഞത്.
അതേസമയം, എല്ലാ വോട്ടിംഗ് മെഷീനുകളും പുനഃക്രമീകരിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന ന്യായീകരണവുമായി സെലീന സിംഗ് പിന്നീട് രംഗത്തെത്തി. എന്നാൽ, ജില്ലാ തെരഞ്ഞെടുപ്പ് അഥോറിറ്റിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചു.
ട്രയൽ വോട്ടെടുപ്പിന്റേതെന്നു പറയപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എസ്പിക്ക് കുത്തിയ വോട്ട് ബിജെപിക്ക് ലഭിച്ചതിൽ ആദ്യം ആശ്ചര്യപ്പെട്ടു നിൽക്കുന്ന സലീന സിംഗ് തൊട്ടുപിന്നാലെ ചിരിക്കുന്നതും വിവരം പരസ്യമാക്കിയാൽ പോലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് മാധ്യമപ്രവർത്തകർക്കു മുന്നറിയിപ്പ് നൽകുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ട്രയൽ വോട്ടെടുപ്പിൽ ക്രമക്കേട് കണ്ട പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബാലറ്റിലൂടെ നടത്തണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഏപ്രിൽ ഒന്പതിന് അടെർ നിയമസഭാ സീറ്റിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിവിപിഎടി നടത്തിയത്. വോട്ടുചെയ്ത ഉടൻ വിവിപിഎടി മെഷീനിൽ നിന്നും വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനന്പർ എന്നിവ പ്രിന്റ് ചെയ്തുള്ള സ്ലിപ് പുറത്തേക്കു വരും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തോടൊപ്പം വിവി പാറ്റ് സംവിധാനംകൂടി ഏർപ്പെടുത്തണമെന്നും 2013 ഒക്ടോബർ എട്ടിനു സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു മധ്യപ്രദേശിലെ വിവിപിഎടി. സംസ്ഥാനത്ത് ഇതാദ്യമായാണ് വിവിപിഎടി നടത്തുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടിയും ബിഎസ്പിയും അടക്കമുള്ള നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
ബിജെപിക്ക് വോട്ട് ലഭിക്കുന്ന വിധത്തിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയെന്നായിരുന്നു പ്രധാന ആരോപണം. വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുളള ഒരു ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ ഉന്നത തലത്തിലുള്ള അന്വേഷണം വേണമെന്ന് മധ്യപ്രദേശ് കോണ്ഗ്രസ് ഉപാധ്യക്ഷനും എംഎൽഎയുമായ ഗോവിന്ദ് സിംഗ് ആവശ്യപ്പെട്ടു. ട്രെയൽ വോട്ടെടുപ്പിന്റേതെന്നു പറഞ്ഞിരിക്കുന്ന വീഡിയോ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗ് തന്റെ ട്വിറ്റർ പേജിൽ ഇട്ടിരുന്നു.