സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടേയും അഴിമതിയിലൂന്നി പ്രചാരണത്തിനിറങ്ങി ബിജെപി.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും കിഫ്ബി ആരോപണവുമുള്‍പ്പെടെ സര്‍ക്കാരിന്റെ അഴിമതിയും പാലാരിവട്ടം പാലം, ബാര്‍കോഴ തുടങ്ങി യുഡിഎഫ് നേതാക്കളുള്‍പ്പെട്ട അഴിമതിയും തുറന്നുകാട്ടി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപി തീരുമാനം. ഇതിനായി പ്രത്യേക ലഘുലേഖ പുറത്തിറക്കും.
ലഘുലേഖകള്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി വിതരണം ചെയ്യണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ദിവസവും ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
പ്രതിപക്ഷത്തിനെതിരെയും അഴിമതി ആരോപണമുയരുന്ന അപൂര്‍വ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് പരമാവധി പ്രചരണ വിഷയമാക്കി മാറ്റും.
സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ സത്യം മറനീക്കി പുറത്തുവരുന്നത്.
കോണ്‍ഗ്രസായിരുന്നെങ്കില്‍ കേസുകള്‍ ഒത്തുതീര്‍ക്കുകയാണ് ചെയ്യുകയെന്നും ലഘുലേഖയില്‍ വിശദീകരിക്കും.
ബാര്‍കോഴ കേസില്‍ ഇടത്പക്ഷവും ബിജെപിയുമായിരുന്നു ആദ്യഘട്ടത്തില്‍ സമരത്തിനിറങ്ങിയത്. എല്‍ഡിഎഫ് അധികാരത്തിലേറിയതോടെ ബാര്‍കോഴ കേസ് മുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തെരഞ്ഞെടുപ്പിന് മുമ്പ് കേസ് വീണ്ടും കുത്തിപൊക്കുന്നത്.
എന്നാല്‍ അന്നും ഇന്നും ബിജെപി ഇതിനെതിരേ രംഗത്തുണ്ട്. ഇക്കാര്യങ്ങളും ലഘുലേഖയില്‍ പ്രതിബാധിക്കും. വിജയസാധ്യതയുള്ള ‘എ ക്ലാസ് ‘പഞ്ചായത്തുകളില്‍ സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ് തീരുമാനം.
നേരത്തെ ഭരിച്ച പഞ്ചായത്തുകളിലും ബിജെപിക്കനുകൂലമായ പഞ്ചായത്തുകളിലും സംസ്ഥാന നേതാക്കള്‍ എത്തും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലാണ് ഇപ്പോള്‍ പ്രധാനമായും സംസ്ഥാന നേതൃത്വം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഇതിനു പുറമേ കോഴിക്കോട്, എറണാകുളം കോര്‍പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളും സംസ്ഥാന കമ്മിറ്റി നല്‍കിയിട്ടുണ്ട്. കുറ്റപത്രവും വികസന രേഖയും തയാറാക്കിയാണ് ഇപ്പോള്‍ വോട്ട് പിടിക്കാനിറങ്ങുന്നത്.