സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍നിന്നായി 60 ലക്ഷം വോട്ടുകള്‍ നേടണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. 40 സീറ്റുകള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കളോടു പ്രധാനമന്ത്രി വോട്ടുകള്‍ സംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കിയത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ 35,50,000 വോട്ടുകള്‍ നേടാന്‍ ബിജെപിക്കു സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടിയോളം വോട്ടുകള്‍ നേടാനാവണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വരെ ഒരേ മനസോടെ രംഗത്തിറങ്ങിയാല്‍ മാത്രമേ ദൗത്യം നിറവേറ്റാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രഭരണത്തിന്റെ നേട്ടങ്ങളിലൂന്നിയാവണം പ്രചാരണം നടത്തേണ്ടത്. ഇതിനു പുറമേ ഇടതു വലത് മുന്നണികള്‍ ഭരിച്ചതിലുണ്ടായ വീഴ്ചകളേയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കണം.ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ ജനങ്ങളുടെയും വോട്ടുറപ്പിക്കും വിധത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. അമിത്ഷാ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്രമന്ത്രിമാരെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിട്ടുനല്‍കാമെന്നും അദ്ദേഹം ഉറപ്പു നല്കി.
സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള ദേശീയ നേതാവ് സി.പി.രാധാകൃഷ്ണന്, സഹപ്രഭാരി പി.സുനില്‍കുമാര്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടി, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എന്നിവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
വിജയയാത്ര വോട്ടുറപ്പിക്കും
പുതിയ കേരളത്തിനായി വിജയയാത്ര എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന യാത്രയിലൂടെ പരമാവധി വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. 21 ന് ആരംഭിക്കുന്ന യാത്ര തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടി തുടക്കം കുറിക്കും.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് യാത്ര അവസാനിക്കുന്നതോടെ ബിജെപി പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രചാരണവുമായി രംഗത്തിറങ്ങും. ഓരോ ജില്ലാ കമ്മിറ്റികള്‍ക്കും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലൂടെയും യാത്ര കടന്നു പോവുമെങ്കിലും 80 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം നടത്താനാണ് തീരുമാനിച്ചത്.
30,000 വോട്ടുകള്‍ നേടിയ 48 മണ്ഡലങ്ങളിലും 25,000 വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളിലുമാണ് പൊതുസമ്മേളനം നടത്തുന്നത്. ഇവിടെ കേന്ദ്രമന്ത്രിമാരേയും ദേശീയ നേതാക്കളേയും പങ്കെടുപ്പിക്കും. പ്രവര്‍ത്തകരിലും അണികളിലും തെരഞ്ഞെടുപ്പ് ആവേശം തീര്‍ക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായാണ് വിജയയാത്ര ആരംഭിക്കുന്നത്.
മോദിയുടെ പ്രസംഗം പ്രകടന പത്രിക
കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയായി കണ്ടുകൊണ്ട് പ്രചാരണത്തിനിറങ്ങണമെന്ന് നേതൃത്വം. കേരളത്തിന്റെ സമസ്ത മേഖലയിലും വികസനം കൊണ്ടുവരുമെന്നതുള്പ്പെടെ വികസനത്തിന് സഹാകമായ എട്ട് മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു പ്രസംഗം.
ബിജെപിയെ അധികാരത്തിലേറ്റിയാല്‍ സമാനമായ രീതിയിലുള്ള വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന ആഹ്വാനമാണ് സംസ്ഥാന നേതൃത്വം അണികളിലേക്കെത്തിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും ഭരണ നേട്ടങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പൊതുജനങ്ങള്‍ക്കിടയിലേക്ക് ചര്‍ച്ചയാക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.