കോഴിക്കോട്: സിപിഎമ്മിലേയും കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥി നിര്‍ണയം തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകാനിരിക്കേ ബിജെപി മെല്ലെപ്പോക്കില്‍.
നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ആരെന്നറിഞ്ഞശേഷം മാത്രമേ ബിജെപി സ്ഥാനാര്‍ഥികളെ ആരെന്ന കാര്യം പ്രഖ്യാപിക്കൂ.
11നു ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ഡല്‍ഹിയില്‍ വച്ചായിരിക്കും പ്രഖ്യാപനം.
വിജയയാത്രയുടെ സമാപനദിവസത്തില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്.
ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി സംസാരിച്ചശേഷമായിരിക്കും അവസാനവട്ട വെട്ടിത്തിരുത്തലുകള്‍ വരുത്തുക.
പാര്‍ട്ടിക്ക് പുറത്തുള്ള സര്‍വസമ്മതനായ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മെട്രോമാന് ഇ. ശ്രീധരനില്‍ ഒതുങ്ങിയതില്‍ ദേശീയ നേതൃത്വത്തിന് അമര്‍ഷമുണ്ട്.
സംസ്ഥാന നേതാക്കള്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന വികാരമാണ് കേന്ദ്ര നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ പരിചിതമുഖങ്ങള്‍ തന്നെയായിരിക്കും പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകുക എന്നുറപ്പാണ്.
വിജയയാത്ര കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദം.