സ്വന്തം ലേഖകന്
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില് പാര്ട്ടി ഏറെ പ്രതീക്ഷ അര്പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ച് കേന്ദ്രം. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് കേന്ദ്രത്തിന് കൈമാറി.
നിലവിലെ സാഹചര്യത്തില് ഉള്ള ഏക സീറ്റ് നിലനിര്ത്താന് കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില് കേന്ദ്രത്തിനുള്ളത്.നേമത്ത് ഒ.രാജഗോപാല് വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മ ത്സരിച്ചപ്പോള് ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്ട്ടിക്കുള്ളത്.
പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള് തെരഞ്ഞെടുപ്പിന് മുന്പ് കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നത്.
എന്നാല് ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള് ലഭിക്കുമോ എന്ന കാര്യത്തില് ആശങ്കയുണ്ടെന്നും നേതാക്കള് പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്ക്കുന്ന റിപ്പോര്ട്ടുകളാണ് താഴെക്കിടയില് നിന്നു തെരഞ്ഞെടുപ്പിനുശേഷം ലഭിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് മല്സരിച്ച മഞ്ചേശ്വരത്തുമാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്. പല മണ്ഡലങ്ങളിലും ബിജെപി സംഘടനാസംവിധാനം നിര്ജീവമായിരുന്നുവെന്നാണ് വിലയിരുത്തല്. അനുകൂലമായ അടിയൊഴുക്കുകള് ഉണ്ടായില്ലെങ്കില് കാര്യമായ നേട്ടം ഇത്തവണയും പാര്ട്ടിക്കുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു.