കോഴിക്കോട്: ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നതിനിടെ നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്ത് !
സ്ഥാനാര്‍ഥികളുടെ പേരും അവര്‍ മത്സരിക്കാന്‍ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളും സഹിതമുള്ള തെരഞ്ഞെടുപ്പ് ചിത്രമാണ് പുറത്തായത്.
അതേസമയം, ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യാജമാണെന്നും പാര്‍ട്ടി ചര്‍ച്ച പോലും ചെയ്യാത്ത വിഷയമാണിതെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തെ സമീപിച്ചു.
പ്രശ്നം നിസാരവത്കരിക്കരുതെന്ന ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു കേന്ദ്രം വ്യാജ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
പട്ടികയിൽ പ്രമുഖർ
സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും എ.പി. അബ്ദുള്ളകുട്ടി, ശോഭാ സുരേന്ദ്രന്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ്, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ജി.മാധവന് നായര്‍, സുരേഷ് ഗോപി തുടങ്ങിയവരും മത്സരിക്കുന്നുണ്ടെന്ന വിവരവുമാണ് പുറത്തുവന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ നേതൃത്വത്തിനെ വിവാദത്തിലാക്കും വിധത്തിലുള്ള വിവരങ്ങള്‍ ചോരുന്നതു ഗൗരവത്തോടെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ഇതേത്തുടര്‍ന്നാണ് ഉടനടി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ഇതിനു പുറമേ കോര്‍കമ്മിറ്റി ചേരുന്നതിനു മുമ്പ് അജൻഡകള്‍ പുറത്തുവിട്ടതും തെരഞ്ഞെടുപ്പ് ദിവസം തെറ്റായ കണക്കുകള്‍ പുറത്തുവിട്ടതും അന്വേഷിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയവും ഐബി പരിശോധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിനു കേന്ദ്രം നല്കിയ ഉറപ്പ്.
തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെ സമൂഹത്തിനു മുന്നില്‍ തെറ്റായി ചിത്രീകരിക്കുന്ന വിധത്തില്‍ പ്രചാരണം നടക്കുന്നതായി വ്യക്തമാവുന്നത്.
വ്യാജമായ വിവരങ്ങളാണ് പലതും പുറത്തുവരുന്നത്. എന്നാല്‍, ഇത് ഔദ്യോഗിക വിവരമെന്ന രീതിയില്‍ ചര്‍ച്ചയായി മാറുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതിനു പിന്നില്‍ ബിജെപിക്കുള്ളിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയത്തിലാണ് നേതൃത്വം.
വിഭാഗീയത നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള വ്യാജ വിവരങ്ങള്‍ പുറത്താവുന്നത്.