ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിന്നും കോൺഗ്രസിനെ പൂർണമായും നിർമാർജനം ചെയ്ത് ബിജെപി. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയക്കൊടി വീശാൻ ബിജെപിക്കായി.
കേവല ഭൂരിപക്ഷത്തിനായി രാജസ്ഥാനിൽ 100 സീറ്റുകൾ വേണ്ടി വരുന്പോൾ 106 സീറ്റുകളുടെ മുന്നേറ്റവുമായി ബിജെപി കുതിക്കുന്നു. 76 സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് നില തുടരുന്നത്.
എക്സിറ്റ് പോൾ ഫലങ്ങളെ പോലും അപ്രസക്തമാക്കുന്ന മുന്നേറ്റമാണ് മധ്യപ്രദേശിൽ ബിജെപി നടത്തിയത്.156 സീറ്റുകളിൽ ബിജെപി ലീഡ് നില ഉയർത്തുന്പോൾ 69 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ അപ്രതീക്ഷിത നേട്ടമാണ് ഛത്തീസ്ഗഡിൽ ബിജെപിക്കുണ്ടായത്. 54 സീറ്റുമായി ബിജെപി തേരോട്ടം നടത്തുമ്പോൾ കോൺഗ്രസിനു 34 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താൻ കഴിഞ്ഞത്.
അതേസമയം, ഉത്തരേന്ത്യയിൽ താമര വിടരുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വാടി ഉലഞ്ഞു പോവുകയാണ് ബിജെപി. കർണാടകയും തെലങ്കാനയും കോൺഗ്രസ് കുത്തകയാകുന്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിയെ തുടച്ചു നീക്കിയതാണ് കാണാൻ സാധിക്കുന്നത്.