കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫണ്ടിംഗ് ദേശീയ നേതാക്കള്‍ നിരീക്ഷിക്കും. വ്യാപാരികള്‍, മറ്റുപ്രമുഖര്‍, ബിസിനസുകാര്‍ എന്നിവരുള്പ്പെടെയുള്ളവരില്നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കടുത്ത മാര്‍ഗനിര്‍ദേശങ്ങളായിരിക്കും കേന്ദ്രം സംസ്ഥാന ഘടകത്തിന് നല്‍കുക.
തെരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദങ്ങളുണ്ടായിരുന്നു. മാത്രമല്ല ബിജെപി ദേശീയ കൗണ്‍സില്‍ ഉള്‍പ്പെടെ കേരളത്തില്‍ നടന്നപ്പോള്‍ അടിച്ചിറക്കിയ രസീതുമായി ബന്ധപ്പെട്ടും ഒരു വിഭാഗം നേതാക്കള്‍ പണം തട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് നേതാക്കളുടെ സാമ്പത്തികമായ ഇടപെടല്‍ കൂടി കേന്ദ്രം നിരീക്ഷിക്കുന്നത്. പ്രത്യേകിച്ചും പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്ഷകര്ക്കുവേണ്ടിയുള്ളതല്ലെന്നും ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ഉറപ്പാക്കാന്‍ നിര്‍മിച്ചതാണെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്കിയ ഫണ്ടുമായി ബന്ധപ്പെട്ടും പാര്‍ട്ടിക്കുള്ളില്‍ വ്യക്തമായ കണക്കില്ല. ചിലവാര്ഡു കമ്മിറ്റികള്‍ക്ക് 60,000 രൂപ വരെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്.
എന്നാല്‍ പലയിടത്തും പേരിന് ബാനര്‍ കെട്ടുകയോ, ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്ത് ബാക്കി പണം കീശയിലാക്കുകയായിരുന്നുവെന്നാണ് ആരോപണം.പാര്‍ട്ടിക്ക് സംഘടനാ സംവിധാനമുള്ള മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ മൈക്ക് അനോണ്സ്മെന്റുകള് പോലും കാര്യക്ഷമമായി നടന്നിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് നിയമസഭാതെരഞ്ഞെടുപ്പുകൂടി വരുന്നത്.
15 ഓളം മണ്ഡലങ്ങളില്‍ ബിജെപി വലിയരീതിയില്‍ ശ്രദ്ധ ഊന്നുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യമാണ്. എന്നാല്‍ അത് ആരില്‍ നിന്നൊക്കെ സ്വീകരിക്കണമെന്ന കാര്യമുള്‍പ്പെടെ കേന്ദ്രമായിരിക്കും സ്വീകരിക്കുക.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ ഫണ്ട് തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ബിജെപി ഒഴുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഭരണ പ്രതീക്ഷയില്ലാത്തതും നേതാക്കള്‍ക്കിയിലെ അസ്വാരസ്യങ്ങളും മൂലം കടുത്ത നിരീക്ഷണം ബിജെപി സംസ്ഥാന ഘടകത്തിനുമേലുണ്ട്.