അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിച്ചില്ല. ഫണ്ടുപയോഗിച്ചു മണിചെയിൻ ബിസിനസ് നടത്തുന്നതായി ആരോപണം. അമ്പലപ്പുഴയിൽ ചില ബിജെപി നേതാക്കൾക്ക് എതിരേയാണ് ആരോപണം . കേന്ദ്ര നേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർഥിയായാണ് അമ്പലപ്പുഴയിൽ അനൂപ് ആന്റണിയെ രംഗത്തിറക്കിയത്.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നല്ല രീതിയിൽ ഫണ്ടും അനുവദിച്ചിരുന്നു.എന്നാൽ, വിജയ പ്രതീക്ഷ തീരെയില്ലാതിരുന്നതുകൊണ്ടു ചില നേതാക്കൾ ഫണ്ട് ചെലവഴിച്ചില്ലെന്നാണ് ആക്ഷേപം.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നൽകിയ തുക ഉപയോഗിച്ചു മണ്ഡലത്തിലെ ചില നേതാക്കൾ പിന്നീടു മണിചെയിൻ ബിസിനസ് ആരംഭിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
നാലിരട്ടി തുക വരെ തിരികെ നൽകുമെന്നും ജോലി വാഗ്ദാനം നൽകിയുമാണ് നേതാക്കൾ ഈ ഇടപാടിലൂടെ പണം സമ്പാദിക്കുന്നതത്രെ.ഇതിലൊരു നേതാവ് ഈ പണം ഉപയോഗിച്ച സിനിമ നിർമിക്കാനുള്ള നീക്കം നടത്തുന്നതായും ആരോപണമുണ്ട്.
ഒരു മാസം മുൻപ് ആലപ്പുഴയിൽ മണി ചെയിൻ കേസിൽ പിടികൂടിയ പ്രതിയും ഈ നേതാക്കളുമായും ബന്ധമുണ്ടെന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ആരോപിക്കുന്നു.
ഈ ബിസിനസിൽ പങ്കാളിയായ മണ്ഡലം ഭാരവാഹിയായ ഒരു നേതാവിനെ ചുമതലയിൽനിന്നു ജില്ലാ നേതൃത്വം താത്കാലികമായി മാറ്റി നിർത്തിയെന്നും സൂചന ലഭിച്ചിട്ടുണ്ട്.