കോട്ടയം: സ്ഥാനാർഥി പ്രഖ്യാപനവും തർക്കങ്ങളും ജില്ലയിൽ എൻഡിഎ മുന്നണിക്കു തലവേദനയാകുന്നു. ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളുടെ പേരിൽ എൻഡിഎയിൽ തർക്കം തുടരുകയാണ്.
ബിഡിജെഎസ് മത്സരിക്കുന്ന ഈ രണ്ടു സീറ്റുകളിലേയും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതാണ് തർക്കങ്ങൾ സൃഷ്ടിക്കുന്നത്. സ്ഥിതി തുടർന്നാൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഈ സീറ്റിലേക്ക് എത്തുമെന്നു സൂചന.
ഏറ്റുമാനൂർ സീറ്റിൽ ആദ്യം ബിഡിജെഎസ് നേതാവ് എംപി സെന്നിനെയും പിന്നീട് ശാന്താറാം റോയി തോളൂരിനെയുമാണു പരിഗണിച്ചിരുന്നത്. പാർട്ടി പ്രഖ്യാപിച്ചതു ഭരത് കൈപ്പാറേടനെ.
ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതു സിപിഎമ്മിനെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നതും നരേന്ദ്ര മോഡിയ്ക്കാതിരായ ഭരതിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ബിജെപി സജീവ ചർച്ചയാക്കിയതോടെ ബിഡിജഐസ് പിൻമാറി.
ഇന്നലെ രാവിലെ ബിഡിജെഎസ് ജില്ലാ വൈസ്പ്രസിഡന്റ് എൻ. ശ്രീനിവാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. മണ്ഡലവുമായി ബന്ധമുള്ള ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണു ബിജെപി നിലപാട്. ഇല്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനാണു തീരുമാനം.
കോട്ടയത്തേക്കു പരിഗണിച്ചിരുന്ന ടി.എൻ. ഹരികുമാറിനോടു ഏറ്റുമാനൂരിൽ പത്രിക നൽകാനും പാർട്ടി നിർദേശം നൽകി. ശ്രീനിവാസൻ ശക്തനായ സ്ഥാനാർഥിയാണെന്നുമാണ് ബിഡിജഐസ് നിലപാട്.
എയ്ഡഡ് സ്കൂൾ അധ്യാപകർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള കോടതിവിധിയ്ക്കെതിരായ നിയമനടപടികൾ വൈകുന്ന സാഹചര്യത്തിൽ പൂഞ്ഞാറിൽ ബിഡിജഐസ് തീരുമാനിച്ചിരുന്ന എം.ആർ. ഉല്ലാസിനു മാറേണ്ടി വരും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെ മത്സരിപ്പിക്കാനാണു ബിജെപി നീക്കം. ശക്തരായ സ്ഥാനാർഥികളെ നിർത്തിയില്ലെങ്കിൽ ഇരുസീറ്റുകളും പാർട്ടി ബിജെപി ഏറ്റെടുത്തേക്കും. ഇതിനിടയിൽ കോട്ടയത്തു ബിജെപി സ്ഥാനർഥിയ്ക്കെതിരേയും വിമർശനം ഉയർന്നു കഴിഞ്ഞു.
അടുത്തിടെ പാർട്ടിയിലെത്തിയ മിനർവ മോഹന് സ്ഥാനാർഥിത്വം നൽകിയതിൽ ബിജെപി പ്രാദേശിക നേതാക്ക·ാർക്കടക്കം പ്രതിഷേധമുണ്ട്.