സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രസ്റ്റീജ് സീറ്റുകളിൽ സർപ്രൈസ് സ്ഥാനാർഥികളെ രംഗത്തിറക്കി ഇരുമുന്നണികളെയും ഞെട്ടിക്കാൻ ഒരുങ്ങിയ ബിജെപിക്കു തിരിച്ചടി. സർപ്രൈസ് കാൻഡിഡേറ്റുകളെ കിട്ടാതെ ബിജെപിയ്ക്കൊപ്പം ആർഎസ്എസും വിഷമിക്കുകയാണ്. തിരുവനന്തപുരത്തു ശശിതരൂരിനെ തോൽപിക്കാൻ വേണ്ടി മോഹൻലാലിനെയാണ് ഇവർ ലക്ഷ്യം വച്ചത്.
പലപ്രാവശ്യം ലാൽ ഇവരുടെ ചൂണ്ടയിൽ നിന്നും വഴുതിമാറിയിട്ടും പിടിവിടാതെ പിന്നാലെ തന്നെയായിരുന്നു ബിജെപി. ഒ. രാജഗോപാൽ ലാലിനുവേണ്ടി പിന്നാലെയുണ്ടെന്നു ആദ്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ എം.ടി. രമേശും 20 സീറ്റിലും മോഹൻലാൽ അനുയോജ്യനാണെന്നു വ്യക്തമായി രംഗത്തുവന്നു. മോഹൻലാൽ മത്സരിക്കാൻ താൽപര്യമെടുത്താൽ ആദ്യം പിന്തുണയ്ക്കുന്ന പാർട്ടി ബിജെപിയായിരിക്കുമെന്നും എം.ടി.രമേശ് വ്യക്തമാക്കി.
ആർഎസ്എസും പരിശ്രമിച്ചു. അവരും പരാജയപ്പെടുകയായിരുന്നു. എന്നാൽ, മോഹൻലാൽ മത്സരത്തിനില്ലെന്നു വ്യക്തമാക്കിയതോടെ സർപ്രൈസ് കാൻഡിഡേറ്റില്ലാതെ വിഷമിക്കുകയാണ് ബിജെപി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്നാണു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. രാജ്യസഭാംഗമായ താൻ ലോക്സഭയിലേക്കു മത്സരിക്കണമോയെന്നതിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്ര നേതൃത്വമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരാണു തീരുമാനിക്കേണ്ടത്. അവർ ആവശ്യപ്പെട്ടാൽ ആലോചിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. മിസോറം ഗവർണർ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെയെത്തിച്ചു തലസ്ഥാനത്തു മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇപ്പറഞ്ഞവരാരുമില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരിലൊരാൾക്കു നറുക്കുവീഴും.
ഇതേ സ്ഥിതി തന്നെയാണ് തമിഴ്നാട്ടിലും പാർട്ടി നേരിടുന്നത്. രജനീകാന്തിന്റെ പിന്തുണയോടെ തമിഴ്നാട് പിടിച്ചെടുക്കാനുള്ള നീക്കവും ഈ സർപ്രൈസ് കാൻഡിഡേറ്റ് നിരാകരിച്ചിരിക്കുകയാണ്. 2014ലെ പോലെ ആർഎസ്എസ് തന്നെ പ്രചാരണരംഗം കൈയെടുക്കുമെന്നാണ് അറിയുന്നത്. 20 മണ്ഡലങ്ങളിലും ആർഎസ്എസ് പദ്ധതികൾ തയാറാക്കി പ്രചാരണത്തിനിറങ്ങും. ദേശീയ നേതാക്കളും പ്രചാരണത്തിനിറങ്ങും.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഉണ്ടാകും. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആർഎസ്എസിന്റെ പിന്തുണയും തെരഞ്ഞെടുപ്പിൽ ഗുണഫലം തരുമെന്നു ബിജെപി നേതാക്കൾ പറയുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട് എന്നിവയാണു പാർട്ടി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ. പത്തനംതിട്ടയിൽ കുമ്മനത്തിന്റെയും ശ്രീധരൻപിള്ളയുടെയും പേരുണ്ട്. നേരത്തേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ പരിഗണിച്ചെങ്കിലും ഇപ്പോൾ ചിത്രത്തിലില്ല. കഴിഞ്ഞ തവണ മത്സരിച്ച എം ടി.രമേശിന്റെ പേരും കേൾക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ സീറ്റിനു കീഴിലുള്ള മണ്ഡലങ്ങളിലെ ബിജെപി മുന്നേറ്റവും കേന്ദ്ര നേതൃത്വം ഗൗരവത്തോടെ കാണുന്നു. പ്രധാനമന്ത്രി പങ്കെടുത്ത യുവമോർച്ചാ റാലിക്കു തെഞ്ഞെടുത്തതും തൃശൂരാണ്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണനോ കെ.സുരേന്ദ്രനോ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
ശബരിമല സമരവും അറസ്റ്റും ജയിൽവാസവും ആർഎസ്എസിന്റെ സൗമനസ്യവും സുരേന്ദ്രന് അനുകൂലമാണ്. ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരിനാണു മുൻതൂക്കം. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറും പരിഗണനയിലുണ്ട്.