സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. നേമം അടക്കം വിജയസാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ വരെയുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
അവലോകന യോഗം ഇന്നു മുതൽ
ഇന്നുമുതല്‍ അവലോകന യോഗം ചേരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നത്. സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി.രാധാകൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ജില്ലാ അടിസ്ഥാനത്തില്‍ ഓരോ നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഓരോ നേതാക്കള്‍ക്ക് ചുമതല നല്‍കിയിരുന്നു. അവലോകന യോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ഈ നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശവും നല്‍കിയിരുന്നു.
സ്ഥിരം വോട്ടുകൾ, നിഷ്പക്ഷ വോട്ടുകള്‍, കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്ന് നേടിയ വോട്ടുകള്‍ എന്നീ കണക്കുകള്‍ പ്രത്യേകമായി തയാറാക്കാനാണ് നിര്‍ദേശിച്ചത്.
ജില്ലാ അവലോകന യോഗത്തില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് പരാജായകാരണം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വോട്ടെണ്ണലിന് പിന്നാലെ കോര്‍കമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് മണ്ഡലങ്ങളിലെ വോട്ട്ചോര്‍ച്ച സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും തീരുമാനിച്ചത്.
എസ്എൻഡിപി വോട്ടുകൾ നഷ്ടപ്പെട്ടോ?
2016 -ല്‍ ബിജെപിക്ക് ലഭിച്ച എസ്എന്‍ഡിപി വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുസ്ലിം വോട്ടുകളുടെ ഏകീകരണവും തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായി.
മുസ്ലിം വോട്ട് ഏകീകരണത്തിനായി ഇടത്-വലത് മുന്നണി നേതാക്കള്‍ ഗൂഢാലോചന നടത്തിയതും പരാജായത്തിന് കാരണമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാലക്കാട്ടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു
അതേസമയം രണ്ട് സീറ്റില്‍ പ്രത്യക്ഷത്തില്‍ സിപിഎം, മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്തതെന്ന് സംസ്ഥാന നേതൃത്വം നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പാലക്കാടും മഞ്ചേശ്വരത്തുമാണ് വോട്ട് മറിച്ചത്. നേമത്ത് കെ.മുരളീധരനുമായി ധാരണയുണ്ടാക്കിയാണ് ബിജെപിയെ തോല്പിച്ചതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഘടനാതലത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.