ആ ചിത്രം 2013 ലേത്! ഈ വര്‍ഷം ജോധ്പൂരില്‍ എത്തിയത് അന്നത്തേതിന്റെ പകുതി ആളുകള്‍ മാത്രം; രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയപ്പെടുത്തും എന്നു പറഞ്ഞ് ബിജെപി അവതരിപ്പിച്ച ചിത്രത്തിന്റെ സത്യാവസ്ഥയും പുറത്ത്

വ്യാജ ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെയും അല്ലാതെയുമെല്ലാം നിര്‍മിച്ചും സംഘടിപ്പിച്ചും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് സ്വയം പുകഴ്ത്തുന്നതിനായി അത് ഉപയോഗിച്ച് പിന്നീട് അത് വ്യാജമാണെന്ന് തെളിയുമ്പോള്‍ സ്വയം ന്യായീകരിച്ച് രംഗത്തെത്തുക എന്നത് ദേശീയ, പ്രാദേശിക നേതാക്കള്‍ക്ക് പുത്തരിയല്ല. ഇതിനകം പല തവണ അത് സംഭവിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ സമാനമായ സംഭവം സോഷ്യല്‍മീഡിയ കയ്യോടെ പൊക്കിയിരിക്കുന്നു. മോദിയുടെ ജോധ്പൂര്‍ റാലിയില്‍ നിന്നുള്ള ഈ ചിത്രം കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തും എന്ന അടിക്കുറിപ്പോടെ പുറത്തുവന്ന ചിത്രത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. റിഷി ബഗ്രി എന്ന വ്യക്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്.

രാജസ്ഥാനില്‍ ബിജെപി – കോണ്‍ഗ്രസ് പോരാട്ടം എത്രത്തോളം കടുപ്പമേറിയതായിരിക്കുമെന്ന് റിഷിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പലരും പറയുകയും ചെയ്തിരുന്നു.

എന്നാല്‍ റിഷിയുടെ ട്വീറ്റിനു താഴെത്തന്നെ ചിത്രങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യം പലരും കമന്റ് ചെയ്തു. ചിത്രങ്ങള്‍ ജോധ്പൂരിലേതു തന്നെയാണ്, പക്ഷേ 2018 ലേതല്ല, 2013 ലേതാണ്. ഇത്തവണത്തെ റാലിയില്‍ ഇത്രയും ആളുകള്‍ എത്തിയിട്ടില്ലായിരുന്നുവെന്നും പലരും വെളിപ്പെടുത്തി.

ഇതേ ചിത്രം തന്നെ ബിജെപി ഐടി മേധാവി അമിത് മാലവ്യ 2013 ല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ”മോദിയുടെ ഇന്നത്തെ ജോധ്പൂര്‍ റാലിയിലേത്” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പോസ്റ്റ് ചെയ്തത്. ഇതേ ചിത്രമാണ് ഇത്തവണയും റിഷി ബഗ്രി വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്.

Related posts