പുല്‍വാമയിലെ ഭീകരാക്രമണത്തിന് വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യ പകരം ചോദിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണിപ്പോള്‍ രാജ്യം മുഴുവന്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പദ്ധതി തയാറാക്കി, ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ നടത്തിയ ആക്രമണം പാക്കിസ്ഥാന് വലിയ ഞെട്ടല്‍ തന്നെയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ, ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി.
എന്നാല്‍ അത് ഒരു വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു ഭൂകമ്പത്തിന്റെ ദൃശ്യങ്ങളുപയോഗിച്ച് പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണം എന്ന പ്രചരണം വീണ്ടും ശക്തമായിരിക്കുന്നു. സംഘപരിവാറാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് സോഷ്യല്‍മീഡിയ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയും സോഷ്യല്‍മീഡിയ കണ്ടെത്തിയതോടെ തങ്ങളുടെ പദ്ധതികളെല്ലാം തകര്‍ന്ന സങ്കടത്തിലാണ് സംഘപരിവാര്‍.
ഇതിനെല്ലാം പുറമേ, 2015 ല്‍ നടന്ന എയര്‍ഫോഴ്സിന്റെ നൈറ്റ് ഫ്ളൈയിംഗ് ദൃശ്യങ്ങളും ബിജെപി അനുകൂല അക്കൗണ്ടുകളില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ എന്ന വ്യാജേന പ്രചരിപ്പിക്കുന്നുണ്ട്. വ്യാജ പ്രചരണങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞിരിക്കുകയാണ്.