ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പ കര്‍മ സമിതിയും ബിജെപിയും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അരങ്ങേറിയത് കൗതുകകരമായ നിരവധി സംഭവങ്ങളാണ്. അക്കൂട്ടത്തില്‍ പലതും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലൊന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ, ബിജെപി പ്രവര്‍ത്തകരായ രണ്ട് യുവാക്കളുമായി ബന്ധപ്പെട്ട വീഡിയോ.
ഹര്‍ത്താലില്‍ ഒറ്റയൊരു വ്യാപാരി പോലും കട തുറക്കാന്‍ പാടില്ല എന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ തുറന്ന കടയില്‍ സാധനം വാങ്ങാനെത്തിയ യുവാക്കളെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കയ്യോടെ പിടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പരസ്പരം കുറേയേറെ നേരം തര്‍ക്കിച്ചശേഷം ഏതായാലും വന്നതല്ലേ, സാധനം വാങ്ങി സ്ഥലം വിട്ടോ എന്ന ഉപദേശം നല്‍കിയാണ് നാട്ടുകാര്‍ യുവാക്കളെ യാത്രയാക്കിയത്.