കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിലൂടെ പാര്‍ട്ടി ‘വിരുദ്ധര്‍ക്ക്’ മറുപടി നല്കാന് പദ്ധതിയുമായി സംസ്ഥാന നേതൃത്വം.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ യാതൊരു വിധത്തിലും ബാധിക്കാന്‍ പാടില്ലെന്നാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവായ സി.പി.രാധാകൃഷ്ണനും സഹപ്രഭാരിയായി കര്‍ണാടകയിലെ എംഎല്‍എ എം. സുനില്‍കുമാറും അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് കഴിയും വരെ വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന നേതൃത്വവുമായി സഹകരിക്കാതെ മാറി നില്ക്കുന്ന കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്പ്പെടെയുള്ളവര്ക്ക് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മറുപടി നല്‍കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി 1,236 വാര്‍ഡുകളിലാണ് വിജയിച്ചത്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്, നഗരസഭ, കോര്പറേഷന്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി 21,908 വാര്‍ഡുകളാണുള്ളത്.
ഈ വാര്‍ഡുകളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പരമാവധി വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിജയം ഉറപ്പില്ലാത്ത വാര്‍ഡുകളില്‍ പോലും പരമാവധി വോട്ട് നേടിയെടുക്കുകയെന്ന ദൗത്യമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകളും സീറ്റും കുറയുകയാണെങ്കില്‍ കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വം മുമ്പാകെ വിശദീകരണം നല്കേണ്ടതായും വരും. ഇത് വഴി മറുപക്ഷത്തിന് സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിക്കാനുള്ള അവസരവും ഒരുങ്ങും.
ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് വോട്ടര്മാരിലൂടെയുള്ള മറുപടിയാണ് ഉചിതമെന്നാണ് സംസ്ഥാന അധ്യക്ഷനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
അതേസമയം ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശോഭാസുരേന്ദ്രന്റെ നിസഹകരണം സംസ്ഥാന കമ്മിറ്റി വിശദീകരിച്ചതായാണ് വിവരം.
പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിന്റെ ഫലം സംസ്ഥാന സെക്രട്ടറിയെ മാത്രം ബാധിക്കുന്നതല്ല, മറിച്ച് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതാണെന്നും നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി.
സഹകരിക്കാത്ത നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടിക്കില്ലെന്നും സംഘടനാ ചുമതലയുള്ള നേതാക്കളെ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം ശോഭാ സുരേന്ദ്രനുള്‍പ്പെടെ ഒരു വിഭാഗത്തെ സംസ്ഥാന നേതൃത്വം മാറ്റി നിര്‍ത്തുന്നതിനെതിരേ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
യോഗത്തിനു മുമ്പ് സംഘടനാ ചുമതലയുള്ള സി.പി. രാധാകൃഷ്ണന് ഇവരുമായി സംസാരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കരുതെന്ന് നിര്‍ദേശിച്ചതായാണ് വിവരം.
ബൂത്തുകളുടെ നേതൃത്വം ആര്‍എസ്എസിന്
തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ സ്വീകരിക്കാത്ത വിധം പ്രചാരണം ശക്തമാക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഓരോ വാര്‍ഡിലും ആര്‍എസ്എസ് സംയോജകിനാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിട്ടുള്ളത്.
കേന്ദ്രപദ്ധതികളെ കുറിച്ചും വാര്‍ഡുകളില്‍ നടപ്പാകാതെയുള്ള വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ചയാക്കി പ്രചാരണം നടത്താനാണ് തീരുമാനം.
പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിലൂന്നിയാണ് ബിജെപിയും വോട്ട് പിടിക്കുന്നത്. യുവവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന് ഇന്നലെ തുടക്കം കുറിച്ചു.
സിനിമതാരം കൃഷ്ണകുമാറാണ് കാമ്പയിന് ഉദ്ഘാടനം ചെയ്തത്. സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ബിജെപിയുടെ പതാകയും നരേന്ദ്രമോഡിയും ഉള്‍പ്പെടെ അടങ്ങുന്നതാണ് പ്രൊഫൈല്‍.