സ്വന്തം ലേഖകന്‍
കോഴിക്കോട്: കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിയുടെ പെരുമാറ്റചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്ക് താക്കീതായി ഋഷി പല്‍പ്പുവിന്റെ സസ്പന്ഷന്.
കുഴല്‍പ്പണ തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഒബിസി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്പ്പുവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് കൂടി താക്കീത് നല്‍കുകയെന്ന ഉദ്യേശത്തോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി സ്വീകരിക്കുന്നത്.അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരേ കച്ചമുറക്കി അംഗത്തിനൊരുങ്ങുന്ന മറുപക്ഷത്തിന് കൂടിയുള്ള മുന്നറിയിപ്പാണ് സസ്പന്ഷന്.
ഋഷി പല്‍പ്പു ആദ്യ ഇര
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിവാദമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു ഋഷി പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് .അതേസമയം വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന ആരോപണവും ഇതിനകം ശക്തമായുണ്ട്.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഓരോ പ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഇതിന് വിരുദ്ധമായി പൊതുഇടങ്ങളില്‍ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്നവര്ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ഫേസ്ബുക്കിലും മറ്റുമുള്ള പോസ്റ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കീഴിലുള്ള ഐടി വിഭാഗം നിരീക്ഷിക്കുന്ന സാഹചര്യത്തില്‍ വാട്സ് ആപ്പ് വഴി ഒളിയുദ്ധം ആരംഭിച്ചിട്ടുണ്ട്.
വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കാനും ഇതുവഴി പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്താനുമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഒരു നേതാവിന്റെ പേരിലാണ് പ്രചാരണം നടന്നത്. എന്നാല്‍ ഈ നേതാവിന് ഇതേകുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുള്ള വിഷയങ്ങളുമായിരുന്നു വാട്സ്ആപ്പില്‍ പ്രചരിച്ചത്. സംസ്ഥാന പ്രസിഡന്റിന്റെ ഇടപെടല്‍ കാരണം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയെന്നും മറ്റുമാണ് പ്രചാരണം.
സമാനമായ രീതിയില്‍ ബിജെപി ഗ്രൂപ്പുകള്‍ വഴി സംസ്ഥാന പ്രസിഡന്റിനെതിരേയും കേന്ദ്രമന്ത്രി വി.മുരളീധരനെതിരേയും പ്രചാരണം നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും പാര്‍ട്ടിക്കുള്ളില്‍ രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.