ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയപ്പോൾ ബിജെപിയിൽ ഗ്രൂപ്പു തിരിഞ്ഞു പടയൊരുക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ നിലപാടിനോടു വിയോജിക്കുന്ന മുൻ അധ്യക്ഷൻ വി. മുരളീധരന്റെ ഗ്രൂപ്പാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കോർ കമ്മിറ്റിയിൽ പങ്കെടുക്കാതെ ഒരു വിഭാഗം മാറി നിന്നതു പാർട്ടിയിലെ അഭ്യന്തരകലഹത്തിന്റെ സൂചനയാണ്.
സ്ഥാനാർഥിപ്പട്ടിക തയാറാക്കിയതു പോലും പ്രസിഡന്റും അദേഹത്തോടുചേർന്നു നിൽക്കുന്ന ഏതാനും വ്യക്തികളും ചേർന്നാണെന്ന ആക്ഷേപമാണ് ഇവർ ഉയർത്തുന്നത്. ഇതിനെ തുടർന്നു മുൻ അധ്യക്ഷൻ മുരളീധരനും കെ. സുരേന്ദ്രനും സി.കെ. പത്മനാഭനും കോർ കമ്മിറ്റിയിൽനിന്നും വിട്ടുനിന്നു. ആർഎസ്എസിനെ കൂട്ടുപിടിച്ചു വി. മുരളീധരനെയും സുരേന്ദ്രനെയും ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഈ ഗ്രൂപ്പ് ഉയർത്തുന്നത്.
പി.കെ.കൃഷ്ണദാസ് പക്ഷത്തുനിന്നും കാര്യങ്ങൾ നീക്കിയിരുന്ന ശ്രീധരൻപിള്ള ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ ആർഎസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചത്. ആർഎസ്എസ് പക്ഷത്തുനിന്നും സംഘടനാ സെക്രട്ടറിയായ വന്ന എം. ഗണേശനോട് മാത്രമാണ് ശ്രീധരൻപിള്ള കാര്യങ്ങൾ ആലോചിച്ചത്. ഒപ്പം ആർഎസ്എസിന്റെ ഉന്നത നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ആർഎസ്എസിലൂടെ വളർന്നുവെങ്കിലും ഇപ്പോൾ സംഘടനയുമായി അകന്നു നിൽക്കുന്ന മുരളീധരൻ പക്ഷത്തിനു അപ്രതീക്ഷിതമായിരുന്നു പ്രസിഡന്റിന്റെ നീക്കങ്ങൾ. ആർഎസ്എസിൽനിന്നും എതിർപ്പുണ്ടാകാത്ത ലിസ്റ്റാണ് അവരുടെ സമ്മതത്തോടെ ശ്രീധരൻ പിള്ള കൈമാറിയത്. ഇത് ബിജെപിയിലെ ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.
ആർഎസ്എസിനോട് കാര്യങ്ങൾ ആലോചിച്ച ശ്രീധരൻപിള്ള ബിജെപിയിൽ കാര്യമായ ചർച്ചകൾക്ക് തയാറായതുമില്ല. മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലേക്കും മൂന്നുവീതം പേരുടെ ചുരുക്കപട്ടികയാണ് തയാറാക്കിയത്. ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ് പറഞ്ഞതോടെ ബിജെപിയിൽ ഇത് സംബന്ധിച്ച വിവാദങ്ങൾക്കും തുടക്കമായി. ഇടത്-വലത് സ്ഥാനാർഥി നിർണയത്തിനു മുൻപേ ബിജെപി സാധ്യത പട്ടിക തയാറാക്കി കേന്ദ്രത്തിന് അയച്ചതു നേട്ടമായാണ് പ്രസിഡന്റ് ചിത്രീകരിക്കുകയും ചെയ്തു.
സംസ്ഥാന നേതാക്കളോട് ആലോചിക്കാതെയാണ് പട്ടിക കൈമാറിയത് എന്ന് ഒപ്പം ആരോപണവും ഉയർന്നു. പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷും ചേർന്നാണ് കേരള കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് ശ്രീധരൻപിള്ള വിരുദ്ധ പക്ഷങ്ങൾ ഉയർത്തുന്ന ആരോപണം. പക്ഷേ പ്രസിഡന്റിന്റെ തീരുമാനങ്ങൾ ഗണേശനുമായി ആലോചിച്ചാണ് എന്നുവ്യക്തമായതോടെയാണ് കേരളത്തിന്റെ ചുമതലയുള്ള ബി.എൽ. സന്തോഷ് ശ്രീധരൻപിള്ളയുടെ തീരുമാനങ്ങളെ എതിർക്കാതിരുന്നത്.
ഒപ്പം സാധ്യതാ പട്ടികയ്ക്ക് ആർഎസ്എസ് പിന്തുണയുണ്ടെന്നു സന്തോഷ് ഉറപ്പിക്കുകയും ചെയ്തു. അവസാനം ബിഡിജഐസുമായി സീറ്റു ചർച്ച പൂർത്തിയാക്കുകയും ചെയ്തു. അഞ്ച് സീറ്റുകൾ അവർക്കു നൽകാനാണ് തീരുമാനം. ശ്രീധരൻപിള്ളയ്ക്കു ഇതു നേട്ടമായി മാറുകയാണ്. ഇവിടെയാണ് മുരളീധരൻഗ്രൂപ്പിനു തിരിച്ചടിയാകുന്നത്.
കോർ കമ്മിറ്റിയിൽ വി. മുരളീധരൻ ഗ്രൂപ്പ് പങ്കെടുക്കാതെ വന്നതോടെ പ്രശ്നപരിഹാരത്തിനു ശ്രീധരൻപിള്ള തന്നെ നേരിട്ടിറങ്ങി. ബിജെപിയുടെ സാധ്യത പട്ടിക കേന്ദ്രനേതൃത്വത്തിന് കൊടുത്തിരുന്നുവെന്ന മുൻപ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള തന്നെ രംഗത്തിറങ്ങി. ബജെപി ദേശീയനേതൃത്വത്തിന് താൻ പട്ടിക കൈമാറിയിട്ടില്ലെന്നു പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ഇങ്ങനെയൊരു കാര്യം താൻ പറഞ്ഞിട്ടില്ലെന്നും പാർട്ടി സ്ഥാനാർഥികളെ ബിജെപി കേന്ദ്രനേതൃത്വമാണ് നിശ്ചയിക്കുമെന്നും പിഎസ് ശ്രീധരൻപിള്ള അറിയിച്ചു. സ്ഥാനാർഥി പട്ടിക കൈമാറാനായി താൻ ഡൽഹിപോയിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന വിമർശനം ആർക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ലെന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജഐസ് ആണെന്നും ശ്രീധരൻപിള്ള പറഞ്ഞു.