കൊച്ചി: കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും.
അധ്യക്ഷനെ തെരഞ്ഞെടുക്കാൻ രാജയും കേരളത്തിന്റെ ചുമതലയുള്ള നളിൻകുമാർ കട്ടീൽ എംപിയും അടങ്ങുന്ന സംഘത്തെയാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് എറണാകുളം ബിടിഎച്ചിൽ ബിജെപി സംസ്ഥാന കോർകമ്മിറ്റി അംഗങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞു സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും കാണും. തുടർന്ന് ആർഎസ്എസ് നേതാക്കളുമായും ചർച്ചകൾ നടത്തും.