നിയാസ് മുസ്തഫ
ഹരിയാനയിൽ സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമം തുടങ്ങി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി മനോഹർ ലാൽ ഖട്ടറിനെ തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ അമിത് ഷാ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. ഹരിയാനയിൽ സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ തേടാനാണ് ഖട്ടറിന് അമിത് ഷാ നൽകിയ നിർദേശം. സർക്കാരുണ്ടാക്കാൻ അനുവാദം തേടി ഹരിയാന ഗവർണറെ ഇന്ന് ഖട്ടർ കാണുമെന്നാണ് സൂചന.
എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും വലിയ കാര്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം. ആകെയുള്ള 90 സീറ്റിൽ 40 സീറ്റുമാത്രം നേടാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. 75 സീറ്റുകൾ വരെ നേടി ഹരിയാനയിൽ ബിജെപി മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുമെന്നായിരുന്നു പല എക്സിറ്റ് പോൾ ഫലങ്ങളും.
എന്നാൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി കടന്നുവന്ന യഥാർഥ ഫലം ബിജെപിക്ക് നിരാശയാണ് സമ്മാനിച്ചത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ബിജെപി-40, കോണ്‍ഗ്രസ്-31, ജെജെപി-10, സ്വതന്ത്രർ-ഏഴ്, ഐഎൻഎൽഡി-ഒന്ന്, ഹരിയാന ലോക്ഹിത് പാർട്ടി-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.
ഏഴു സ്വതന്ത്രരെ കൂടെക്കൂട്ടി സർക്കാരുണ്ടാക്കാനാണ് ബിജെപി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഏഴിൽ അഞ്ചുപേർ നേരത്തെ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ് എന്നത് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. നാലു സ്വതന്ത്രർ ഇതിനോടകം ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായിട്ടാണ് വിവരം. കോണ്‍ഗ്രസ് സർക്കാരുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയിരിക്കുന്നത്.
അതേസമയം, സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്രസിംഗ് ഹൂഡ ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ചർച്ച നടത്തി. ബിജെപിയുടെ ശ്രമങ്ങൾ അറിഞ്ഞതിനുശേഷം സർക്കാരുണ്ടാക്കാൻ ശ്രമിക്കാം എന്നതാണ് കോണ്‍ഗ്രസ് നയമെന്ന് അറിയുന്നു. ജെജെപിയെ കൂടെക്കൂട്ടിയാലും കോണ്‍ഗ്രസിന് 41ലേക്ക് എത്താനേ കഴിയൂ. ഇതുകൂടാതെ അഞ്ചു സ്വതന്ത്രരെയും കൂടെ കൂട്ടിയാലേ കോണ്‍ഗ്രസിനു സർക്കാരുണ്ടാക്കാൻ കഴിയൂ.
നിലവിലെ സാഹചര്യത്തിൽ ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം നൽകി പഴയ കർണാടക മോഡൽ സർക്കാരുണ്ടാക്കാനും കോണ്‍ഗ്രസിന് ആലോചനയുണ്ട്. അതേസമയം, ജെജെപിയുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ ബിജെപിയും ഉൗർജിതമാക്കിയിട്ടുണ്ട്. ഇന്ന് ജെജെപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഭരണത്തിൽ പ്രധാന പദവികൾ നൽകി ജെജെപിയെ കൂടെ നിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. ജെജെപി ബിജെപി പാളയത്തിൽ പോയാൽ ബിജെപിക്ക് വേഗത്തിൽ സർക്കാരുണ്ടാക്കാം. ബിജെപിയുടെ 40സീറ്റും ജെജെപിയുടെ പത്തുസീറ്റും കൂട്ടുന്പോൾ അന്‍പതു സീറ്റു ലഭിക്കും. ഇങ്ങനെ സംഭവിച്ചാൽ ബിജെപിക്ക് സ്വതന്ത്രരുടെ പിന്നാലെ പോകേണ്ട ആവശ്യവും വരില്ല.