കോഴിക്കോട്: തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വമ്പന്മാരിലേക്ക്.
പണം കൈമാറുന്ന സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ആരെല്ലാമാണെന്നും തെരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി പണം കൊണ്ടുവരുന്നതിനു മുമ്പും ശേഷവും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട നേതാക്കളാരെല്ലാമാണെന്നുമാണ് അന്വേഷിക്കുന്നത്.
തൃശൂര്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
നേതൃത്വത്തിലേക്ക്
തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തേക്കു കോടികള്‍ കൊണ്ടുവന്നതില്‍ ബിജെപി നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പണം കൊണ്ടുവന്നവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ദേശീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന മുന്‍ യുവമോര്‍ച്ചാ നേതാവായ സുനില്‍ നായക് നേരത്തെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇടപാട് ഹോട്ടലിൽ
പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്മരാജന്, ധര്‍മരാജനു പണം നല്കിയ സുനില്‍ നായിക് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധര്‍മരാജനായിരുന്നു.
ഇയാള്‍ക്കു പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
പണം കൈമാറിയത് കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ചാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അങ്ങനെയെങ്കില്‍ പണം കൈമാറുമ്പോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ ആരെല്ലാമാണെന്നതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്.
ഉറവിടം തേടി
പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ സുനിലിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പണം കൊണ്ടുവന്ന ദിവസങ്ങളില്‍ ധര്‍മരാജനും സുനിലും ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പണം എത്തിക്കുന്നതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സുനില്‍ സജീവ സാന്നിധ്യമായിരുന്നു. അതിനിടെയാണ് പണം എത്തിക്കാന്‍ തീരുമാനിച്ചത്.
ആരുടെ നിര്‍ദേശാനുസരണമാണ് ഇക്കാര്യം ചെയ്തുവെന്നതിനെ കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. ഇതിനു പുറമേ ധര്‍മരാജന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ധർമരാജനെയും സുനിലിനെയും വീണ്ടും ചോദ്യം ചെയ്യും
കൊടകര കുഴൽപണ കവർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമ്മരാജനേയും യുവമോർച്ച മുൻ ട്രഷററായ സുനിൽ നായിക്കിനേയും പോലീസ് ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും.
ധർമ്മരാജന് സുനിൽ നായിക് ബിസിനസ് ആവശ്യങ്ങൾക്ക് കൈമാറിയ പണമാണ് കൊടകരയിൽ വെച്ച് നഷ്ടമായതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഈ പണത്തിന്റ സ്രോതസ് ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വർഷങ്ങളായി തങ്ങൾ തമ്മിൽ ബിസിനസ് ഇടപാടുണ്ടെന്നാണ് ധർമ്മരാജനും സുനിലും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിസിനസ് ഇടപാടുകളുടേയും പണമിടപാടുകളുടേയും രേഖകൾ ഹാജരാക്കാൻ ഇവരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ ഇത് ഹാജരാക്കുമോ എന്നതാണ് ഇനി കേസിനെ നിർണായകമാക്കുക.
ബിസിനസ് പണമോ?
ഇവർ തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ ഭാഗമായി കൈമാറിയ പണമാണ് ഇതെന്ന് ഇരുവരും സമ്മതിച്ചതോടെ ഈ തുക തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റുമായി കൊണ്ടുവന്ന പാർട്ടി ഫണ്ടാണെന്ന് തെളിയിക്കാൻ പോലീസിന് ബുദ്ധിമുട്ടുകളേറെയാണ്.
ഇരുവരും ബിസിനസുകാരാണെങ്കിലും ബി.ജെ.പി ആർ.എസ്.എസ് നേതൃത്വവുമായി വളരെ അടുത്തബന്ധമുണ്ടെന്നതാണ് പോലീസിന് ഇപ്പോൾ ഈ കേസിൽ ഇത് രാഷ്ട്രീയബന്ധത്തിലേക്ക് നയിക്കാൻ ആകെ ലഭിച്ചിട്ടുള്ള സൂചന
മൊഴി ആസൂത്രിതം
ധർമ്മരാജനും സുനിലും വളരെ ആസൂത്രിതമായാണ് പോലീസിന് മൊഴി നൽകിയതെന്നാണ് പറയുന്നത്. തങ്ങളുടെ പണം തന്നെയാണ് ഇതെന്ന് ഇവർ സമ്മതിച്ചതോടെ തുടരന്വേഷണം പോലും വഴിമുട്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയത്.
പണത്തിന്റെ സ്രോതസ് കൂടി ഇവർ ഹാജരാക്കിയാൽ കൊടകര കുഴൽപണ കേസ് മുന്നോട്ടുപോകാൻ എളുപ്പമാകില്ല.ഇരുവരും തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളും തള്ളിപ്പറഞ്ഞിട്ടില്ല.
മൂന്നു കോടിയോ?
കവർച്ച ചെയ്യപ്പെട്ടെന്ന് ധർമ്മരാജൻ പറയുന്ന 25 ലക്ഷത്തിലധികം രൂപയിലധികം പിടിച്ചെടുത്തുവെന്നത് മാത്രമാണ് പോലീസിന് ഇപ്പോഴും ഈ കേസിൽ കച്ചിത്തുരുന്പായിട്ടുള്ളത്.
മൂന്നര കോടിയോളം രൂപ ഈ ഇടപാടിലേക്ക് വന്നിരുന്നുവെന്നാണ് നേരത്തെയുണ്ടായിരുന്ന പല റിപ്പോർട്ടുകളും. ഇതിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ടെന്ന് പണം പിടിച്ചെടുത്ത സമയത്ത് ഏറെക്കുറെ വ്യക്തമായിരുന്നു.
ആ വഴിക്കാണ് പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. പണം തട്ടിയെടുത്തവരിൽ പല പാർട്ടിയിലും പ്രവർത്തിക്കുന്നവരുണ്ട്.
ആരുടെ ക്വട്ടേഷൻ
ക്വട്ടേഷൻ സംഘങ്ങൾക്ക് പണം തട്ടാൻ ക്വട്ടേഷൻ നൽകിയതാര് എന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ടെങ്കിലും അതും ഇതുവരെ വ്യക്തമായിട്ടില്ല. കർണാടകയിലെ മദ്യലോബിക്ക് പണമിടപാടുമായി ബന്ധമുണ്ടെന്നു തന്നെയാണ് ഇപ്പോഴും പോലീസ് കരുതുന്നത്.
അതേസമയം പാർട്ടി ആരോപണത്തിലുൾപ്പെട്ടതോടെ എങ്ങിനെ ഇതിനെ പ്രതിരോധിച്ച് അതിജീവിക്കാമെന്ന തന്ത്രം ദേശീയ സംസ്ഥാന നേതൃത്വം തന്നെ ആലോചിച്ച് ആസൂത്രണം ചെയ്തിരുന്നുവെന്നും പാർട്ടിയിലേക്ക് ഇപ്പോഴും കണക്ഷൻസ് എത്തിക്കാൻ കഴിയാതെ പോയത് ആ ആസൂത്രണ മികവിന്റെ ഫലമാണെന്നും ഏതാനും ക്വട്ടേഷൻ ഗുണ്ടാ ബിസിനസ് സംഘങ്ങളിലേക്ക് കേസ് ഒതുങ്ങുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.