ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ “അഞ്ചു ട്രില്ല്യണ്‍ ഇക്കണോമി’യെക്കുറിച്ച് വാചാലാനാകവെ കുരുക്കിൽപ്പെട്ട് ബിജെപി ദേശീയ വക്താവ് സംപിത് പത്ര. “അഞ്ച് ട്രില്യണിൽ എത്ര പൂജ്യങ്ങളുണ്ട്?’ എന്ന കോണ്‍ഗ്രസ് വക്താവ് പ്രഫ. ഗൗരവ് വല്ലഭിന്റെ ചോദ്യത്തിനു മറുപടി നൽകാനാകാതെ ഉരുണ്ടുകളിക്കുന്ന പത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്.
ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. അവതാരകന്റെ ചോദ്യത്തിനു മറുപടിയായി മോദി സർക്കാരിന്റെ നേട്ടങ്ങളെകുറിച്ചും, സ്വപ്നമായ അഞ്ചു ട്രില്ല്യണ്‍ സന്പദ്വ്യവസ്ഥയെകുറിച്ചും പത്ര വാചാലനായി. ഇതിനിടെ ഗൗരവ് വല്ലഭ് അപ്രതീക്ഷിതമായി “അഞ്ച് ട്രില്ല്യണിൽ എത്ര പൂജ്യങ്ങളുണ്ട്?’ എന്ന ചോദ്യമെറിഞ്ഞു.
ഉത്തരം പറയാനെന്ന മട്ടിൽ മൈക്ക് കൈയിലെടുത്തെങ്കിലും മറുപടി പറയാൻ പത്രയ്ക്കു കഴിഞ്ഞില്ല. “ആദ്യം ഇതു രാഹുൽ ഗാന്ധിയോടു ചോദിക്കൂ’ എന്ന മറുപടിയുമായി പത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഗൗരവ് വിട്ടില്ല. പത്രയ്ക്ക് ഉത്തരംമുട്ടിയപ്പോൾ പന്ത്രണ്ടു പൂജ്യങ്ങൾ എന്ന ഉത്തരവും ഗൗരവ് തന്നെ നൽകി.
രാജ്യത്തെ സാന്പത്തിക സ്ഥിതിയെയും ജിഡിപിയെയും കുറിച്ച് ചോദിക്കുന്പോൾ രാഹുൽ ഗാന്ധിയെയും മഹാത്മ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും കുറ്റപ്പെടുത്തുന്ന ബിജെപി വക്താക്കളെ വല്ലഭ് പരിഹസിക്കുകയും ചെയ്തു. ഒഎൻജിസിയുടെ നോണ്‍ ഒഫീഷ്യൽ ഡയറക്ടർ കൂടിയാണു പത്ര.
Video Courtesy : ABP news pic.twitter.com/YEKmjcHV9N
— Arun (@ArunMolasi) September 14, 2019