ജയ്പൂർ:ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ രണ്ട് അവധി ദിനങ്ങളിൽനിന്ന് ഒഴിവാക്കി. രാജസ്ഥാൻ ഗവർണർ കല്യാണ്‍ സിംഗ് പുറത്തിറക്കിയ പുതിയ കലണ്ടറിലാണ് രാഷ്ട്രപിതാവിന്റെ ജന്മദിനം അവധി ദിവസങ്ങളിൽനിന്ന് പുറത്തായത്. ഈ വർഷം മുതൽ ഒക്ടോബർ രണ്ട് രാജസ്ഥാനിലെ എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവൃത്തി ദിവസമായിരിക്കും.
ഗവർണർ തയാറാക്കിയ 2017-18 വിദ്യാഭ്യാസ വർഷത്തെ കലണ്ടറിൽ 24 അവധി ദിവസങ്ങളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒക്ടോബർ മാസത്തിൽ മുഹറം (ഒക്ടോബർ 1) ദീപാവലി(ഒക്ടോബർ 18) എന്നീ ദിവസങ്ങളാണ് അവധിയായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് അവധി ദിവസമായി അടയാളപ്പെടുത്തയിട്ടില്ല.
അതേസമയം രാജസ്ഥാൻ നാടൻപാട്ടുകളിൽ ദേവനായി വാഴ്ത്തുന്ന രാംദേവ്, ഗുരു നാനാക്, ബിആർ അംബേദ്കർ, മഹാറാണാ പ്രതാപ്, വർധമാന മഹാവീരൻ എന്നിവരുടെ ജന്മദിനങ്ങൾ അവധിദിനങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ കലണ്ടറുകൾ രാജസ്ഥാനിലെ 12 സർവകലാശാലകളിലേക്ക് ചാൻസലർകൂടിയായ ഗവർണർ അയച്ചിട്ടുണ്ട്. ഇതിൽ ചില സർവകലാശാലകൾ കലണ്ടർ അംഗീകരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവ ഒൗദ്യോഗിക യോഗം ചേർന്നതിനുശേഷമേ കലണ്ടർ അംഗീകരിക്കു എന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ രണ്ട് അവധിദിനമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ അവധി കലണ്ടർ പ്രകാരമാണ് സർവകലാശാലകളുടെ അവധി തയ്യാറാക്കിയത് എന്നതാണ് ഇതേക്കുറിച്ചുള്ള രാജ്ഭവന്റെ വിശദീകരണം. സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻവേണ്ടിയാണ് ഈ ദിവസം അവധി നൽകാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു