കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം രണ്ടാം പിണറായി സര്‍ക്കാരിനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം ബൂമറങ്ങായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയില്ല എന്നതു മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തിയ പ്രസ്താവനകളും ഇടപെടലുകളും വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു.
സ്വര്ണക്കടത്തുകേസിലേക്ക് ഇനി കൂടുതല്‍ ഇറങ്ങേണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ തുടര്‍ന്നു സ്വീകരിക്കേണ്ട നിലപാടുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം മതിയെന്നാണ് തീരുമാനം.
പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കും. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത അവസ്ഥയില്‍ നിലപാടുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മറ്റു വഴി തേടേണ്ടിവരും.
ബിജെപി നേതാക്കള്‍ക്കു പങ്കുണ്ടെന്നു കരുതപ്പെടുന്ന കുഴൽപ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കിയിരിക്കുന്ന സാഹചര്യംകൂടി പാര്‍ട്ടി കണക്കിലെടുക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടാത്തത്, ആവശ്യമുള്ളപ്പോള്‍ ബിജെപിയെ അടിക്കാനുള്ള വടിയാണെന്നു കരുതുന്ന നേതാക്കളും ഏറെ.
സ്വര്‍ണക്കടത്ത് കേസില്‍ നിരന്തരം പ്രസ്താവനകളും വിമര്‍ശനങ്ങളുമായി കളം നിറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് തെരഞ്ഞെടുപ്പു തോല്‍വിയോടെ പാര്‍ട്ടിക്കുള്ളിലെ അപസ്വരങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ്.
പാർട്ടിയാകട്ടെ, സംഘടന ശക്തിപ്പെടുത്തി വോട്ടുചോര്ച്ചയ്ക്കുണ്ടായ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിലും. ഇതിനായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി.രാധാകൃഷണന് എന്നിവരടങ്ങുന്ന സംഘം നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിക്കും.
ചാനൽ ചർച്ചകളിൽ പാർട്ടിയുടെ നിലപാട് അവതരിപ്പിച്ച വക്താക്കളുടെ പ്രകടനവും ദോഷകരമായാണ് ബാധിച്ചതെന്നാണ് യോഗത്തിലുയർന്ന അഭിപ്രായം.
സോഷ്യല്‍ മീഡിയയും ഐടി സെല്ലും ശക്തിപ്പെടുത്തണമെന്ന നിർദേശങ്ങളും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലുണ്ടായി.