ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ പിടിച്ചുകുലുക്കി വൻ അഴിമതിയാരോപണം. ബിജെപി കേന്ദ്ര നേതൃത്വത്തിനും നേതാക്കൾക്കുമായി കർണാടക ബിജെപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ 1,800 കോടിയുടെ കോഴപ്പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപണം.
“കാരവൻ’ എന്ന ഇംഗ്ലീഷ് മാഗസിനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബിജെപി കേന്ദ്ര നേതാക്കൾക്ക് കോഴപ്പണം നൽകിയെന്ന് വ്യക്തമാക്കുന്ന ഇൻകം ടാക്സിന്റെ പക്കലുള്ള യെദിയൂരപ്പയുടെ ഡയറി ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഏതൊക്കെ നേതാക്കൾക്ക് പണം നൽകിയെന്ന് യെദിയൂരപ്പ സ്വന്തം കൈപ്പടയിൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർക്ക് പണം നൽകിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടിയും നേതാക്കൾക്ക് 800 കോടിയും നൽകി. നിതിൻ ഗഡ്കരി, അരുൺ ജയ്റ്റ്ലി എന്നിവർക്ക് 150 കോടി, രാജ്നാഥ് സിംഗിന് 100 കോടി, അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി നൽകി.
36 പേർക്ക് പണം നൽകിയതായാണ് കാരവൻ റിപ്പോർട്ടിൽ പറയുന്നത്. നിരവധി ജഡ്ജിമാർക്കും പണം നൽകിയിട്ടുണ്ട്. എന്നാൽ ഇത് ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. യെദിയൂരപ്പയുടെ 2009ലെ ഡയറിയിലെ വിവരങ്ങളാണ് ഇൻകം ടാക്സിനു ലഭിച്ചിരുന്നത്. ഇതിൽ എല്ലാ പേജിലും യെദിയൂരപ്പ ഒപ്പുവച്ചിട്ടുമുണ്ട്.