കോഴിക്കോട്: തെരഞ്ഞെടുപ്പിനായെത്തിച്ച കുഴല്‍പ്പണത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ ഉടലെടുത്തവിഭാഗീയതയ്ക്കു തടയിടാന്‍ ദേശീയനേതൃത്വം.
പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിവാദമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായഭിന്നതകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്ന സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സംഘടനാതലത്തില്‍ നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പിന് മുമ്പ് ചില സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇത്തരം സംഭവങ്ങള്‍ ഇല്ലാതായി. തെരഞ്ഞെടുപ്പു ഘട്ടത്തിലും ഫലം പുറത്തുവന്നപ്പോഴും ഈ നേതാക്കള്‍ മൗനം തുടര്‍ന്നു.
എന്നാല്‍ കുഴല്‍പ്പണ വിവാദത്തിലൂന്നി പാര്‍ട്ടിയില്‍ പോര് തുടരവെയാണ് ദേശീയ നേതൃത്വം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സംസ്ഥാന നേതൃത്വത്തിനു കീഴിലുള്ള ഐടി വിഭാഗവും നിരീക്ഷിക്കുന്നുണ്ട്.
വീഴ്ചകള്‍ കണ്ടെത്തിയാല്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലും ഉലയാത്ത സംസ്ഥാന നേതൃത്വത്തിനെ കുഴല്‍പ്പണ വിവാദം ഉപയോഗിച്ച് കുരുക്കിലാക്കാന്‍ മറുപക്ഷം ശ്രമമാരംഭിച്ചിട്ടുണ്ട്.
ഇഡി അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: കൊടകരയില്‍ നടന്ന കുഴല്‍പ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായി ബിജെപിയുടെ കര്‍ണാടക ഘടകം കൊടുത്തുവിട്ടെന്ന് സംശയിക്കുന്ന 3.5 കോടി രൂപ തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് കാര്‍ തടഞ്ഞു തട്ടിയെടുത്ത സംഭവമാണ് പരാതിക്ക് ആധാരം.
കെ. ഷിന്റുലാല്‍