കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരുസീറ്റ് പോലും നേടാനാവാത്തതിനു പിന്നാലെ ബിജെപിയില്‍ പോര് മുറുകുന്നു. ജൂലൈ മുതല്‍ ആരംഭിക്കാനിരിക്കുന്ന യൂണിറ്റ്തലം മുതല്‍ ദേശീയതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഗ്രൂപ്പ് പോര് ശക്തമാവുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലൊന്നും ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ തയാറാവുന്നില്ലെന്നും പകരം സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയുടെ അധികാരം സ്വന്തമാക്കാനുമാണിപ്പോള് മത്സരം നടക്കുന്നതെന്നുമാണ് അണികൾ ആരോപിക്കുന്നത്. അതിനിടെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരേ ലഘുലേഖ പ്രചരിക്കുന്നത്.
ലോക്സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അതാണ് സമ്പൂര്‍ണ പരാജയത്തിലേക്ക് എത്തിച്ചതെന്നുമാണ് ഒരു വിഭാഗം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയഭാരവാഹികളുടെ യോഗത്തിലും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുണ്ടായെന്നാണറിയുന്നത്.
കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നില്ല സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും അത് തോല്‍വിയിലേക്ക് നയിച്ചതെന്നുമാണ് ഉയര്‍ന്ന ആരോപണം. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള ആരോപണങ്ങളുടെ മുനയൊടുക്കുന്നതിനായാണിപ്പോള് ലഘുലേഖയുമായി മറുവിഭാഗം രംഗത്തെത്തയതെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പില്‍ ഫണ്ട് വെട്ടിപ്പിനൊപ്പം വോട്ടുകച്ചവടവും നടന്നതായി ആരോപിച്ചാണ് സുരേന്ദ്രനെതിരേ ലഘുലേഖ പുറത്തിറക്കിയത്. സുരേന്ദ്രന് വോട്ട് കച്ചവടം നടത്തിയെന്നും ഫണ്ട് ചെലവാക്കാതെ മുക്കിയെന്നുമാണ് പ്രധാന ആരോപണങ്ങള്‍. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന് ആറ്റിങ്ങലില്‍ മത്സരിച്ച യുഡിഎഫിലെ അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നാണ് പ്രധാന ആക്ഷേപം.
അടൂര്‍ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെന്നുമാണ് പറയുന്നത്. ആറ്റിങ്ങലില്‍ പ്രകാശിന് ബിജെപി വോട്ട് മറിച്ചുനല്‍കും. അടൂര്‍ പ്രകാശ് വിജയിച്ചാല്‍ കോന്നിയിലെ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ഥിയായെത്തും. അപ്പോള്് കോണ്‍ഗ്രസ് വോട്ടുകള്‍ നല്കി സഹായിക്കുമെന്നും ധാരണയുണ്ടാക്കിയെന്നും വോട്ടുകച്ചവടത്തില്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് ലഘുലേഖയിലുള്ളതെന്നാണ് പറയുന്നത്.
അതേസമയം ലഘുലേഖയിലെ ആരോപണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തിയാണ് സുരേന്ദ്രപക്ഷം രംഗത്തെത്തിയത്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് 1,57,553 വോട്ടുകള്‍ വര്ധിപ്പിക്കുകയാണുണ്ടായതെന്നും കഴിഞ്ഞതവണ 90,528 വോട്ടുകളുള്ളിടത്ത് അത് 2,48,081 വോട്ടുകളിലേക്ക് കുതിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. ഇതോടെ വോട്ട് മറിച്ചുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേന്ദ്രപക്ഷം.