കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ വോട്ട് മറിച്ചെന്ന ആരോപണം തള്ളി ബിജെപി വയനാട് ജില്ലാ നേതൃത്വം.
ആരോപണം അടിസ്ഥാനരഹിതമാണെന്നു വോട്ടെണ്ണുന്പോൾ വ്യക്തമാകുമെന്നു പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദ്കുമാർ, ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർ പറഞ്ഞു.
ജനാധിപത്യ രാഷ്ടീയ സഭ സംസ്ഥാന പ്രസിഡന്റും ആദിവാസി നേതാവുമായ സി.കെ. ജാനു(ബത്തേരി), ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ്(കൽപ്പറ്റ), പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ(മാനന്തവാടി) എന്നിവരാണ് വയനാട്ടിൽ എൻഡിഎ ടിക്കറ്റിൽ ജനവിധി തേടിയത്.
ബത്തേരിയിൽ ജാനുവിനെ വാരിയ ബിജെപി യുഡിഎഫിനു വോട്ട് മറിച്ചെന്ന ആരോപണം എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഉന്നയിച്ചത്.
കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ ബിജെപിക്കാരിൽ ഒരു വിഭാഗം സ്വന്തം സ്ഥാനാർഥിക്കല്ല വോട്ടുചെയ്തതെന്ന പ്രചാരണവും ഇതിനിടെ ഉയർന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബിജെപി ജില്ലാ നേതാക്കളുടെ പ്രതികരണം.ബിജെപി വോട്ട് മറിച്ചെന്ന പ്രചാരണം ഓരോ തെരഞ്ഞെടുപ്പു കഴിയുന്പോഴും എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്നതാണെന്നു ആനന്ദ്കുമാറും പ്രശാന്തും പറഞ്ഞു.
മൂന്നു മണ്ഡലങ്ങളിലും ബിജെപി വോട്ട് എൻഡിഎ സ്ഥാനാർഥികൾക്കു ലഭിച്ചിട്ടുണ്ട്. പാർട്ടി വോട്ടിൽ ചോർച്ച ഉണ്ടായിട്ടില്ല. പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടിൽ ഒരു പങ്കും എൻഡിഎയ്ക്കാണ് കിട്ടിയത്.
സി.കെ. ജാനുവിനു ബത്തേരിയിൽ സീറ്റു നൽകിയതിൽ ബിജെപി പ്രവർത്തകരിൽ ചിലർക്കു തുടക്കത്തിൽ അതൃപ്തിയുണ്ടായിരുന്നു.
2016ൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന ജാനു മുന്നണി വിട്ടതും പിന്നീട് തെരഞ്ഞെടുപ്പുകാലമായപ്പോൾ തിരിച്ചെത്തിയതുമാണ് ഈ അതൃപ്തിക്കു കാരണം.
ഘടകകക്ഷി പ്രതിനിധിയായിട്ടും ജാനു താമര അടയാളത്തിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ അതൃപ്തി അലിയാൻ തുടങ്ങി.
പ്രചാരണത്തിന്റെ രണ്ടാംഘട്ടമായപ്പോഴേക്കും ജാനുവിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു പാർട്ടി പ്രവർത്തകരിൽ ഒരു തരത്തിലുള്ള അലോസരവും ഉണ്ടായിരുന്നില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രചാരണത്തിനു എത്തിയതോടെ എൻഡിഎ പ്രവർത്തകർ മുഴുവൻ വലിയ ആവേശത്തിലായി.
എന്നിരിക്കെയാണ് ഇടതുമുന്നണിയുടെ ദുരാരോപണം. മണ്ഡലത്തിൽ ചെയ്യാതെപോയ വോട്ടുകളിൽ അധികവും സിപിഎമ്മിന്റേതാണ്.
കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച എം.എസ്. വിശ്വനാഥൻ ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയായതു രസിക്കാത്ത സിപിഎമ്മുകാർ മണ്ഡലത്തിൽ നിരവധിയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ബിജെപിയുടെയും എൻഡിഎയുടെയും ചുവടുകൾ വയനാട്ടിൽ മുന്നോട്ടുതന്നെയാണെന്നു തെരഞ്ഞെടുപ്പുഫലം തെളിയിക്കും. ബത്തേരി മണ്ഡലത്തിൽ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു 8,829 വോട്ടാണ് കിട്ടിയത്.
എന്നാൽ 2016ൽ സി.കെ. ജാനു 27,920 വോട്ട് സ്വന്തമാക്കി. എൻഡിഎ അംഗങ്ങളോ അനുഭാവികളോ അല്ലാത്തവരുടെ വോട്ടും ജാനുവിനു ലഭിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 17,602 വോട്ട് തുഷാർ വെള്ളാപ്പള്ളി നേടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബത്തേരി മുനിസിപ്പാലിറ്റിയിലും ഏഴു പഞ്ചായത്തുകളിലുമായി 24,947 വോട്ടാണ് എൻഡിഎ കരസ്ഥമാക്കിയത്. കൽപ്പറ്റ മണ്ഡലത്തിൽ 2011ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കു 6,580 വോട്ടാണ് ലഭിച്ചത്.
2016ൽ ഇതു 12,988 വോട്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി കൽപ്പറ്റയിൽ 14,122 വോട്ട് കരസ്ഥമാക്കി.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും 10 പഞ്ചായത്തുകളിലുമായി 14,601 വോട്ട് എൻഡിഎയ്ക്കു ലഭിച്ചു.
മാനന്തവാടി മണ്ഡലത്തിൽ 2011ൽ 5,732 വോട്ടാണ് ബിജെപിക്കു നേടാനായത്. 2016ൽ ഇതു 16,230 വോട്ടായി ഉയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ 13,916 വോട്ടാണ് എൻഡിഎയ്ക്കു ലഭിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലും ആറു പഞ്ചായത്തുകളിലുമായി മുന്നണി 18,960 വോട്ട് പിടിച്ചു.
ഇതു പാർട്ടിയും മുന്നണിയും മണ്ഡലത്തിൽ കൈവരിച്ച വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും അധികം വോട്ട് ഇത്തവണ മൂന്നു മണ്ഡലങ്ങളിലും എൻഡിഎയ്ക്കു ഉണ്ടാകുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു.