സ്വന്തം ലേഖകന്‍
കോഴിക്കോട്: ബിജെപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലാപത്തിന് തടയിടാന്‍ ദേശീയനേതൃത്വത്തിന്റെ നിര്‍ദേശം.
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയത്.
പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിവാദമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്ന സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സംഘടനാതലത്തില്‍ നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പിന് മുമ്പ് ചില സംസ്ഥാന നേതാക്കള്‍ കെ.സുരേന്ദ്രനെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇത്തരം സംഭവങ്ങള്‍ ഇല്ലാതായി. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഫലം പുറത്തുവന്നപ്പോഴും ഈ നേതാക്കള്‍ മൗനം തുടര്‍ന്നു.
എന്നാല്‍ കുഴല്‍പ്പണ വിവാദത്തിലൂന്നി പാര്‍ട്ടിയില്‍ പോര് തുടരാനിരിക്കെയാണ് ദേശീയ നേതൃത്വം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയത്.
കുഴല്‍പ്പണ കേസിന് ബിജെപിക്ക് പങ്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയാണ് ദേശീയ നേതൃത്വം ഓരോ മണ്ഡലങ്ങള്‍ക്കും അനുവദിച്ചത്.
സംസ്ഥാന പ്രസിഡന്റിന് ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്താന്‍ സാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ കലഹമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്ന് സംസ്ഥാന നേതൃത്വവും ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ പോലും ചര്‍ച്ചയാകാത്ത അഭിപ്രായങ്ങള്‍ ചില കോണുകളില്‍ നിന്ന് പരസ്യമാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.
പാര്‍ട്ടി പ്രവര്‍ത്തകരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സംസ്ഥാന നേതൃത്വത്തിന്റെ കീഴിലുള്ള ഐടി വിഭാഗവും നിരീക്ഷിക്കുന്നുണ്ട്. വീഴ്ചകള്‍ കണ്ടെത്തിയാല്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലും ഉലയാത്ത സംസ്ഥാന നേതൃത്വത്തിനെ കുഴല്‍പ്പണ വിവാദം ഉപയോഗിച്ച് വേട്ടയാടന്‍ മറുപക്ഷം ശ്രമമാരംഭിച്ചിട്ടുണ്ട്.
പണമിടപാടുകളുടെ ചുമതല സംസ്ഥാന നേതൃത്വത്തിനാണെന്ന് വരുത്തി തീര്‍ത്ത് പ്രതികൂട്ടിലാക്കും വിധത്തിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരനെതിരേയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയും അണിയറയില്‍ നീക്കം ശക്തമായിരുന്നു.
അതിനിടെയാണ് കുഴല്‍പ്പണ വിവാദമുണ്ടായത്. ഇതോടെ ഇക്കാര്യത്തിലൂന്നി ഇരുവരേയും തത്സഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമത്തിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.